ന്യൂഡൽഹി: ഉപഭോക്താക്കളെ വിളിക്കുന്നതിനായി ധനകാര്യ സ്ഥാപനങ്ങളും ഇൻഷുറൻസ് കമ്പനികളും ഇനി മുതൽ പ്രത്യേക നമ്പർ സീരീസ് ഉപയോഗിക്കണമെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (TRAI) നിർദ്ദേശിച്ചു. സൈബർ തട്ടിപ്പുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ, ഔദ്യോഗിക കോളുകൾ എളുപ്പത്തിൽ തിരിച്ചറിയാൻ സഹായിക്കുന്നതിനായി ‘1600’ എന്ന സീരീസിൽ തുടങ്ങുന്ന നമ്പറുകളാണ് അനുവദിച്ചിരിക്കുന്നത്.Calls from banks and insurance companies will now be in the ‘1600’ series
ഇൻഷുറൻസ് കമ്പനികൾ അവരുടെ ഔദ്യോഗിക ആശയവിനിമയത്തിനായി ഉപയോഗിക്കുന്ന എല്ലാ നമ്പറുകളും ഫെബ്രുവരി 15-നകം പുതിയ സീരീസിലേക്ക് മാറ്റണം. പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡവലപ്മെന്റ് അതോറിറ്റിയുടെ കീഴിലുള്ള പെൻഷൻ ഫണ്ട് മാനേജർമാർക്കും ഇതേ സമയപരിധിയാണ് അനുവദിച്ചിരിക്കുന്നത്. പൊതുമേഖലാ ബാങ്കുകളും സ്വകാര്യ ബാങ്കുകളും ജനുവരി 1-നകം തന്നെ പുതിയ നമ്പർ സീരീസിലേക്ക് മാറണം.
ധനകാര്യ സ്ഥാപനങ്ങളുടെ പേരിൽ വ്യാജ കോളുകൾ നടത്തി തട്ടിപ്പ് നടത്തുന്നത് തടയാനും ഉപഭോക്താക്കളെ സംരക്ഷിക്കാനും ഈ നീക്കം സഹായകരമാകും.
ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങൾക്കും (NBFC) സഹകരണ ബാങ്കുകൾക്കും വ്യത്യസ്ത സമയപരിധികളാണ് നിശ്ചയിച്ചിരിക്കുന്നത്. 5000 കോടി രൂപയ്ക്ക് മുകളിലുള്ള ആസ്തിയുള്ള വലിയ NBFCകൾ ഫെബ്രുവരി 1-നകം പുതിയ നമ്പറിലേക്ക് മാറണം. മറ്റ് NBFCകൾ, സഹകരണ ബാങ്കുകൾ, റീജനൽ റൂറൽ ബാങ്കുകൾ എന്നിവയ്ക്ക് മാർച്ച് 1 വരെ സമയം അനുവദിച്ചിട്ടുണ്ട്.
ബാങ്കുകളിലോ ഇൻഷുറൻസ് കമ്പനികളിലോ നിന്നെന്ന വ്യാജേന സാധാരണ മൊബൈൽ നമ്പറുകളിലൂടെയോ ലാൻഡ്ലൈൻ വഴിയോ വരുന്ന തട്ടിപ്പ് കോളുകളിൽ വീഴാതിരിക്കാൻ ഈ നടപടി പൊതുജനങ്ങൾക്ക് വലിയ കരുത്തായിരിക്കും.