തിരുവനന്തപുരം : വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥികളെ നേരത്തെ പ്രഖ്യാപിച്ച് പ്രചാരണത്തിൽ മേൽക്കൈ നേടാൻ കോൺഗ്രസ് ഒരുങ്ങുന്നു. ഈ മാസം അവസാനത്തോടെ സ്ഥാനാർഥി പട്ടിക പുറത്തിറക്കാനാണ് പാർട്ടി തീരുമാനം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥി പ്രഖ്യാപനം വൈകിയത് തിരിച്ചടിയായെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഈ തിരുത്തൽ നടപടി.
സീറ്റ് വിഭജന ചർച്ചകൾ ഏതാനും ആഴ്ചകൾക്കുള്ളിൽ പൂർത്തിയാക്കി, ജനുവരി 15-ന് ശേഷം സ്ഥാനാർഥി നിർണ്ണയ നടപടികളിലേക്ക് ഹൈക്കമാൻഡും കെപിസിസിയും കടക്കും. തദ്ദേശ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥികളെ നേരത്തെ നിശ്ചയിച്ചത് ഗുണം ചെയ്തെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ.
പ്രചാരണത്തിൽ മേൽക്കൈ നേടാൻ സിറ്റിങ് എംഎൽഎമാരെ ഭൂരിഭാഗം പേരെയും നിലനിർത്താനാണ് തീരുമാനം. അതേസമയം, ഒരാൾ ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി മത്സരരംഗത്തുനിന്ന് മാറിനിൽക്കും. നിലവിൽ രാഹുൽ മാങ്കൂട്ടത്തിൽ പ്രതിനിധീകരിക്കുന്ന പാലക്കാട് സീറ്റിലേക്ക് പുതിയ പകരക്കാരനെ പാർട്ടി നേതൃത്വം ഉടൻ പ്രഖ്യാപിക്കും.
മുൻ കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ അടക്കമുള്ള ചില എംപിമാർ നിയമസഭയിലേക്ക് മത്സരിക്കാൻ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാൽ, ഇക്കാര്യത്തിൽ ഹൈക്കമാൻഡിന്റെ അന്തിമ തീരുമാനം വന്നതിനുശേഷം മാത്രമേ സംസ്ഥാന നേതൃത്വം നടപടികളിലേക്ക് കടക്കൂ. എംപിമാർ മത്സരിക്കുന്നതിന് കേന്ദ്ര നേതൃത്വം അനുമതി നൽകുകയാണെങ്കിൽ, ആരൊക്കെ പട്ടികയിൽ വേണമെന്ന ചർച്ചയിലേക്ക് കെപിസിസി ഔദ്യോഗികമായി പ്രവേശിക്കും.
എംപിമാരുടെ സ്ഥാനാർഥിത്വത്തിൽ ഹൈക്കമാൻഡ് വഴങ്ങിയില്ലെങ്കിൽ പ്രത്യേക ഇടപെടൽ നടത്തി അവരെ മത്സരിപ്പിക്കേണ്ടതില്ലെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്. അതേസമയം, മുതിർന്ന നേതാക്കളായ മുല്ലപ്പള്ളി രാമചന്ദ്രൻ, വി.എം. സുധീരൻ എന്നിവരെ പരിഗണിക്കുന്നത് ചർച്ചകളിലുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിൽ വിജയകരമായി നടപ്പിലാക്കിയ ‘ഗ്രാസ് റൂട്ട്’ ഫോർമുല ഇത്തവണയും ആവർത്തിക്കും. താഴെത്തട്ടിലുള്ള ചർച്ചകളിലൂടെ ജനപിന്തുണയുള്ളവരെ കണ്ടെത്താനാണ് നീക്കം. രാഹുൽ ഗാന്ധിയുടെ പ്രത്യേക താൽപ്പര്യപ്രകാരം പകുതിയോളം സീറ്റുകൾ വനിതകൾക്കും യുവാക്കൾക്കുമായി മാറ്റിവയ്ക്കും. ഇതിനായുള്ള മാനദണ്ഡങ്ങൾ നാളെ ബത്തേരിയിൽ ആരംഭിക്കുന്ന ദ്വിദിന നേതൃക്യാമ്പിൽ തീരുമാനിക്കും.
