കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ പ്രായത്തെക്കുറിച്ചുള്ള ആശങ്ക ഉയർത്തിയും പാർട്ടിയിലെ നിലവിലെ നേതൃത്വത്തെ കടുത്ത ഭാഷയിൽ ചോദ്യം ചെയ്തും ഒഡീഷയിലെ കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ മുഹമ്മദ് മോക്വിം സോണിയാ ഗാന്ധിക്ക് കത്തയച്ചു. ഇതോടെ പാർട്ടിക്കുള്ളിൽ പുതിയ കലാപത്തിന് തുടക്കമായിരിക്കുകയാണ്.Congress leader’s letter to Sonia Gandhi seeking leadership change
ഒഡീഷയിലും ദേശീയ തലത്തിലും കോൺഗ്രസിനെ പുനരുജ്ജീവിപ്പിക്കാൻ ‘ഓപ്പൺ ഹാർട്ട് സർജറി’ അനിവാര്യമാണെന്ന് അദ്ദേഹം കത്തിൽ വ്യക്തമാക്കി. തിങ്കളാഴ്ചയാണ് മുഹമ്മദ് മോക്വിം സോണിയാ ഗാന്ധിക്ക് കത്ത് നൽകിയത്. ഒഡീഷാ പ്രദേശ് കോൺഗ്രസ് കമ്മിറ്റി (ഒപിസിസി)യുടെ നിലവിലെ അധ്യക്ഷൻ ഭക്ത ചരൺ ദാസിന്റെയും മുൻ അധ്യക്ഷൻ ശരത് പട്നായിക്കിന്റെയും നേതൃത്വത്തിൽ പാർട്ടി പതനത്തിലേക്ക് നീങ്ങുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
2024ലെ ഒഡീഷ നിയമസഭാ–ലോക്സഭാ തിരഞ്ഞെടുപ്പുകളിലും 2025ലെ നുവാപാഡ ഉപതിരഞ്ഞെടുപ്പിലും കോൺഗ്രസ് നേരിട്ട ദയനീയ പരാജയം പാർട്ടിയുടെ സംഘടനാപരമായ ആഴത്തിലുള്ള തകർച്ചയുടെ തെളിവാണെന്നും മോക്വിം ചൂണ്ടിക്കാട്ടി. പാർട്ടിയിൽ ഗുരുതരമായ നേതൃത്വ പ്രതിസന്ധിയുണ്ടെന്നും ഭക്തയും ശരത്തും തുടർച്ചയായി തിരഞ്ഞെടുപ്പുകളിൽ പരാജയപ്പെട്ടതോടൊപ്പം കേഡറിനെ ഉണർത്തുന്നതിൽ പരാജയപ്പെട്ടുവെന്നും അദ്ദേഹം കത്തിൽ പറഞ്ഞു.“താഴെത്തട്ടിലുള്ള പ്രവർത്തകർ ആശയക്കുഴപ്പത്തിലുമാണ്. അവർ നിരാശരാണ്, അവരെ ശരിയായ വഴിയിലേക്ക് നയിക്കാൻ ഒരാളുമില്ല,” എന്നും അദ്ദേഹം വ്യക്തമാക്കി.
ഖാർഗെയുടെ നേതൃത്വത്തെയും മോക്വിം തുറന്നുവിമർശിച്ചു. ഖാർഗെയുടെ പ്രായം ഒരു പ്രശ്നമാണെന്നും, യുവാക്കളുമായി വീണ്ടും ബന്ധപ്പെടാൻ കോൺഗ്രസ് ആഗ്രഹിക്കുന്നുവെങ്കിൽ യുവ നേതാക്കളെ മുൻനിരയിലേക്ക് കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
“പാർട്ടി അത്യന്തം ദുഷ്കരമായ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. പുതിയ നേതൃത്വവും ശക്തമായ മാർഗനിർദേശവുമാണ് ഇപ്പോൾ ആവശ്യം. അതുകൊണ്ടാണ് ഞാൻ സോണിയാ ഗാന്ധിക്ക് കത്തെഴുതിയത്. യുവ നേതാക്കളെ മുന്നോട്ട് കൊണ്ടുവരണം. സോണിയാജിയും സിഡബ്ല്യുസിയും ഇത് ഗൗരവത്തോടെ ഏറ്റെടുക്കുമെന്ന് എനിക്ക് വിശ്വാസമുണ്ട്,” മുഹമ്മദ് മോക്വിം പറഞ്ഞു.
