ചെന്നൈ: 2026ലെ തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ ഡിഎംകെയും ടിവികെയും തമ്മിൽ മാത്രമായിരിക്കും യഥാർത്ഥ മത്സരം നടക്കുക എന്ന് ടിവികെ നേതാവ് വിജയ് വ്യക്തമാക്കി. 100 ശതമാനം വിജയം ടിവികെ നേടുമെന്ന ആത്മവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു. മഹാബലിപുരത്ത് ചേർന്ന ടിവികെ ജനറൽ കൗൺസിലിന് ശേഷമായിരുന്നു വിജയിന്റെ പ്രതികരണം.The contest in 2026 will be between DMK and TVK only.
സമ്മേളനത്തിൽ വെച്ച് മുഖ്യമന്ത്രി എം. കെ. സ്റ്റാലിനെയും വിജയ് വിമർശിച്ചു. “കരൂർ ദുരന്തം രാഷ്ട്രീയവത്കരിക്കില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി നിയമസഭയിൽ എന്താണ് പ്രസംഗിച്ചത്? തമിഴ്നാട്ടിലെ ജനങ്ങൾ എല്ലാം കാണുന്നുണ്ട്,” എന്ന് വിജയ് ചോദിച്ചു.
ടിവികെ ജനറൽ കൗൺസിൽ യോഗത്തിൽ പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി വിജയിനെയാണ് ഔദ്യോഗികമായി തെരഞ്ഞെടുത്തത്. മഹാബലിപുരത്ത് ചേർന്ന യോഗത്തിൽ ഇതുസംബന്ധിച്ച പ്രമേയം പാസാക്കി. എഐഎഡിഎംകെയുമായി സഖ്യം ഉണ്ടാക്കാനുള്ള ശ്രമങ്ങൾ ടിവികെ തള്ളിയതിനെ തുടർന്നാണ് വിജയ് തന്നെയെന്ന തീരുമാനത്തിൽ പാർട്ടി എത്തിയിരിക്കുന്നത്.
കരൂർ ദുരന്തത്തിന് പിന്നാലെ ടിവികെയുടെ നിലനിൽപ്പിനെക്കുറിച്ചുള്ള സംശയങ്ങളും സഖ്യാഭ്യൂഹങ്ങളും ഉയർന്നിരുന്നു. എന്നാൽ എല്ലാ അഭ്യൂഹങ്ങൾക്കും വിരാമമിട്ട് വിജയ് മുഖ്യമന്ത്രിപദം ലക്ഷ്യമാക്കി രംഗത്തിറങ്ങിയിരിക്കുകയാണ്. പുതിയ 28 അംഗ നിർവാഹക സമിതി രൂപീകരിച്ചതിന് ശേഷമുള്ള ആദ്യ പ്രധാന യോഗമായിരുന്നു ഇത്. പാർട്ടിയുടെ ഭാവിനയങ്ങൾ തീരുമാനിക്കാനും സഖ്യം സംബന്ധിച്ച വിഷയങ്ങൾ കൈകാര്യം ചെയ്യാനുമായി വിജയിനെ ചുമതലപ്പെടുത്തുന്ന പ്രമേയവും യോഗത്തിൽ പാസാക്കി.
ഇതോടെ 2026ലെ തമിഴ്നാട് തെരഞ്ഞെടുപ്പിൽ ശക്തമായ രാഷ്ട്രീയ പോരാട്ടം അരങ്ങേറുമെന്നതാണ് സൂചന.