കരൂർ: നടനും ടി.വി.കെ നേതാവുമായ വിജയിനെതിരെ പ്രതിഷേധം കടുത്തു.തമിഴ്നാട്ടിലെ കരൂരിൽ നടനും ടി.വി.കെ നേതാവുമായ വിജയിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് വ്യാപകമായി പോസ്റ്ററുകൾ പതിച്ചു. “ആൾക്കൂട്ട ദുരന്തത്തിന് ഉത്തരവാദിയും കൊലപാതകിയും വിജയ്” എന്ന മുദ്രാവാക്യങ്ങളോടു കൂടിയ പോസ്റ്ററുകളാണ് തമിഴ്നാട് സ്റ്റുഡന്റ്സ് യൂണിയന്റെ പേരിൽ പ്രത്യക്ഷപ്പെട്ടത്.Protest against Vijay in Karur
കരൂരിൽ വിജയ് നയിച്ച ടി.വി.കെ റാലിക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും 40 പേർ മരിച്ചതോടെയാണ് പ്രതിഷേധം ശക്തമായത്. സംഭവശേഷം വിജയ് ഒളിച്ചോടിയെന്നാണ് പോസ്റ്ററുകളിൽ ആരോപണം.
അതേസമയം, വിജയ് കരൂരിലേക്ക് പോകാനുള്ള അനുമതി പൊലീസ് നിരസിച്ചു. സംഭവവുമായി ബന്ധപ്പെട്ട അന്വേഷണം സ്വതന്ത്രവും നിഷ്പക്ഷവുമായ ഏജൻസിക്ക് കൈമാറണമെന്ന ആവശ്യം ഉന്നയിച്ച് ടി.വി.കെ നൽകിയ ഹർജി ഇന്ന് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് പരിഗണിക്കും.
സിസിടിവി ദൃശ്യങ്ങൾ സംരക്ഷിക്കണമെന്ന ആവശ്യം കൂടി മുന്നോട്ടുവച്ചിട്ടുണ്ട്. വിജയിനെതിരെ കോടതി പരാമർശങ്ങൾ വന്നാൽ സർക്കാരിന്റെ നിലപാട് എന്താകുമെന്ന് സംസ്ഥാനത്ത് ആകാംക്ഷ ഉയർന്നിരിക്കുകയാണ്.