ന്യൂഡല്‍ഹി: ഓൺലൈൻ ഗെയിമിങ് ആപ്പുകളുമായി ബന്ധപ്പെട്ട തട്ടിപ്പുകൾ തടയുന്നതിനായി രൂപീകരിച്ച ‘പ്രമോഷൻ ആൻഡ് റെഗുലേഷൻ ഓഫ് ഓൺലൈൻ ഗെയിമിങ് ബിൽ ന് രാഷ്ട്രപതി ദ്രൗപതി മുർമു അംഗീകാരം നൽകി. കഴിഞ്ഞ ബുധനാഴ്ച ലോക്സഭയും വ്യാഴാഴ്ച രാജ്യസഭയും പാസാക്കിയ ബില്ലിനാണ് ഇപ്പോൾ നിയമശക്തി ലഭിച്ചത്.President approves online gaming ban bill
പണം വച്ച് കളിക്കുന്ന ഓൺലൈൻ ഗെയിമുകളുടെയും അവയുടെ പരസ്യങ്ങളുടെയും പ്രവർത്തനം നിരോധിക്കുന്നതാണ് ബില്ലിന്റെ പ്രധാന ലക്ഷ്യം. ഇത്തരത്തിലുള്ള ഗെയിമുകളിൽ ഏർപ്പെട്ടാൽ മൂന്ന് വർഷം വരെ തടവോ, ഒരു കോടി രൂപ വരെ പിഴയോശിക്ഷയായി ലഭിക്കാമെന്ന് നിയമം വ്യക്തമാക്കുന്നു. ഓൺലൈൻ വാതുവയ്പ്പുകൾക്കും ഇതേ രീതിയിൽ ശിക്ഷയും പിഴയും ബാധകമാകും.
സെലിബ്രിറ്റികൾ ഇത്തരം ആപ്പുകളുടെ പരസ്യങ്ങളിൽ പങ്കെടുക്കുന്നതും പൂർണമായും നിരോധിച്ചിട്ടുണ്ട്. നിയമലംഘനം നടത്തിയാൽ രണ്ട് വർഷം വരെ തടവും 50 ലക്ഷം രൂപ വരെ പിഴയും വിധിക്കപ്പെടും. കുറ്റം ആവർത്തിച്ചാൽ മൂന്ന് മുതൽ അഞ്ച് വർഷം വരെ തടവും, രണ്ട് കോടി രൂപ വരെ പിഴയും ലഭിക്കും.
രാജ്യത്ത് ഓൺലൈൻ ഗെയിമിങ് വ്യാപകമാവുകയും വ്യാജ വാഗ്ദാനങ്ങളിലൂടെ സാധാരണക്കാർ വഞ്ചിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യം കൂടി പരിഗണിച്ചാണ് കടുത്ത നിയമനടപടി സ്വീകരിച്ചത്. ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന പ്ലാറ്റ്ഫോമുകൾക്ക് വിലക്കേർപ്പെടുത്താനും ബിൽ വ്യവസ്ഥ ചെയ്യുന്നുണ്ട്.
ബിൽ പ്രാബല്യത്തിൽ വരുന്നതോടെ ഓൺലൈൻ ഗെയിമിങ് മേഖല സർക്കാരിന്റെ നിയന്ത്രണത്തിൽ കൊണ്ടുവരാനും സാമ്പത്തിക തട്ടിപ്പുകൾ ഗണ്യമായി കുറയ്ക്കാനുമാകുമെന്ന് കേന്ദ്രസർക്കാർ പ്രതീക്ഷിക്കുന്നു.
