കുറ്റിപ്പുറം: സിനിമാ ചിത്രീകരണത്തിനായി ഉപയോഗിക്കുന്ന ഡ്യൂപ്ലിക്കേറ്റ് നോട്ടുകൾ ഉപയോഗിച്ച് സാധനങ്ങൾ വാങ്ങിയ കേസിൽ സിനിമാ ആർട്ട് അസിസ്റ്റന്റ് അറസ്റ്റിൽ. ആലപ്പുഴ പൂച്ചാക്കൽ സ്വദേശിയായ വളവിൽചിറ ഷൽജി (50) യെയാണ് കുറ്റിപ്പുറം പൊലീസ് പിടികൂടിയത്.Art assistant arrested for fraud using duplicate cinema notes
ബുധനാഴ്ച തവനൂർ റോഡിലെ ഒരു കടയിൽ നിന്ന് 500 രൂപയുടെ ഡ്യൂപ്ലിക്കേറ്റ് നോട്ട് ഉപയോഗിച്ചാണ് ഇയാൾ സാധനങ്ങൾ വാങ്ങിയത്. നോട്ടിനെക്കുറിച്ച് സംശയം തോന്നിയ കടയുടമ ചോദ്യം ചെയ്തതോടെ ഷൽജി കടയിൽ നിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. വിവരം അറിഞ്ഞെത്തിയ നാട്ടുകാർ പിന്തുടർന്ന് ഇയാളെ പിടികൂടി പൊലീസിന് കൈമാറി.
തുടർന്ന് നടത്തിയ പരിശോധനയിൽ പ്രതിയുടെ താമസസ്ഥലത്തിൽ നിന്ന് 500 രൂപയുടെ 391 ഡ്യൂപ്ലിക്കേറ്റ് നോട്ടുകൾ പൊലീസ് കണ്ടെടുത്തു. കുറ്റിപ്പുറം, എടപ്പാൾ, പൊന്നാനി എന്നീ മേഖലകളിൽ നിത്യോപയോഗ സാധനങ്ങൾ വാങ്ങുന്നതിന്റെ മറവിൽ ഇയാൾ ഈ നോട്ടുകൾ ചെലവഴിച്ചതായും പൊലീസ് കണ്ടെത്തി.
സിനിമാരംഗത്ത് ആർട്ട് അസിസ്റ്റന്റായി പ്രവർത്തിക്കുന്നതാണെന്ന് പ്രതി മൊഴി നൽകിയിട്ടുണ്ട്. കഴിഞ്ഞ രണ്ട് വർഷമായി ഇയാൾ ഇത്തരത്തിൽ തട്ടിപ്പ് നടത്തി വരുന്നതായും പൊലീസ് അറിയിച്ചു.
എറണാകുളത്തെ ഒരു പ്രസ്സിൽ നിന്നാണ് സിനിമാ ചിത്രീകരണ ആവശ്യത്തിന് ഡ്യൂപ്ലിക്കേറ്റ് നോട്ടുകൾ അച്ചടിച്ചതെന്ന് അന്വേഷണത്തിൽ വ്യക്തമായി. നോട്ടുകളിൽ ‘സിനിമാ ചിത്രീകരണ ആവശ്യത്തിന് മാത്രം’ എന്ന മുന്നറിയിപ്പും അച്ചടിച്ചിട്ടുണ്ടായിരുന്നു. സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്.
