തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ മുട്ടട ഡിവിഷനിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി വൈഷ്ണ സുരേഷിന് മത്സരിക്കാം. വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കം ചെയ്ത നടപടി തെരഞ്ഞെടുപ്പ് കമ്മീഷൻ റദ്ദാക്കിക്കൊണ്ടുള്ള നിർണായക ഉത്തരവ് പുറത്തുവന്നു. ഇതോടെ, വൈഷ്ണയ്ക്ക് വോട്ട് ചെയ്യാനും കോൺഗ്രസ് സ്ഥാനാർത്ഥിയായി മുട്ടട വാർഡിൽ പത്രിക നൽകി മത്സരരംഗത്ത് തുടരാനും തടസ്സമില്ലാതായി.Vaishna Suresh allowed to contest: Election Commission cancels removal of voter list
വോട്ടർ പട്ടികയിൽ നിന്ന് തന്നെ നീക്കം ചെയ്ത നടപടി ചോദ്യം ചെയ്ത് വൈഷ്ണ സുരേഷ് ഹൈക്കോടതിയെ സമീപിച്ചതാണ് വിഷയത്തിൽ വഴിത്തിരിവായത്. സിംഗിൾ ബെഞ്ച് ഈ വിഷയത്തിൽ നടത്തിയ നിരീക്ഷണങ്ങൾ ശ്രദ്ധേയമായിരുന്നു. “സാങ്കേതിക കാരണങ്ങൾ പറഞ്ഞ് 24 വയസ്സുള്ള ഒരു പെൺകുട്ടിക്ക് മത്സരിക്കാൻ അവസരം നിഷേധിക്കുന്നത് അനീതിയാണ്. അനാവശ്യ രാഷ്ട്രീയം കളിച്ച് വോട്ടവകാശം നിഷേധിക്കുന്നത് ശരിയല്ല. ഒരു ചെറുപ്പക്കാരി മത്സരിക്കാൻ തയ്യാറായി എത്തുമ്പോൾ ഇത്തരത്തിലാണോ പെരുമാറേണ്ടത് എന്ന് കോടതി ചോദിച്ചു.
ഹൈക്കോടതി ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ ജില്ലാ കളക്ടർ അടിയന്തരമായി ഇടപെടണമെന്ന് നിർദ്ദേശിച്ചു. വൈഷ്ണയെയും പരാതിക്കാരനെയും വിളിച്ചുവരുത്തി ഹിയറിങ് നടത്താനും കോടതി ആവശ്യപ്പെട്ടിരുന്നു. ഈ മാസം ഇരുപതിനകം വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തുന്ന കാര്യത്തിൽ തീരുമാനമെടുത്ത് കോടതിയെ അറിയിക്കണമെന്നും നിർദ്ദേശിച്ചിരുന്നു. കോടതിയുടെ ഈ കർശന നിർദ്ദേശത്തിന് പിന്നാലെയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി സ്വീകരിക്കുകയും വൈഷ്ണയ്ക്ക് അനുകൂലമായ ഉത്തരവ് പുറത്തിറക്കുകയും ചെയ്തത്.