മലപ്പുറം: അടുത്ത തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിനായി തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് എം.എൽ.എ പി.വി. അൻവർ രംഗത്തിറങ്ങി. നിലമ്പൂർ നഗരസഭയിലെയും സമീപ പഞ്ചായത്തുകളിലെയും ചില വാർഡുകളിലേക്കാണ് ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ടത്. നിലമ്പൂർ നഗരസഭയിൽ മൂന്ന് വാർഡുകളിലും, ചുങ്കത്തറ, എടക്കര, വഴിക്കടവ്, മൂത്തേടം പഞ്ചായത്തുകളിൽ ഓരോ സീറ്റിലേക്കുമായി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു.PV Anwar announces Trinamool Congress candidates
യുഡിഎഫിനെ രാഷ്ട്രീയമായി സമ്മർദ്ദത്തിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് അൻവർ ആദ്യം തന്നെ സ്ഥാനാർത്ഥി പ്രഖ്യാപനത്തിലേക്ക് നീങ്ങിയിരിക്കുന്നത്. വിജയ സാധ്യതകൾ കുറയുന്ന സാഹചര്യമുണ്ടായാൽ യുഡിഎഫ് അനുനയ ശ്രമം തുടങ്ങുമെന്ന പ്രതീക്ഷയിലാണ് അൻവർ.
ഇതോടൊപ്പം, കൊച്ചി കോർപ്പറേഷനിലെ മൂന്നാം ഡിവിഷനിൽ സോഫിയ ഷെരീഫിനെയും, കളമശേരി നഗരസഭയിലെ പതിനഞ്ചാം വാർഡിൽ കെ.എം. അനിയേയും തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥികളായി പ്രഖ്യാപിച്ചു.
തൃണമൂൽ സ്ഥാനാർത്ഥി പ്രഖ്യാപനത്തിലൂടെ യുഡിഎഫിനെ സമ്മർദ്ദത്തിലാക്കുകയും, തുടർന്ന് യുഡിഎഫിലേക്കുള്ള പ്രവേശനത്തിനായുള്ള ചർച്ചകൾക്ക് വാതിൽ തുറക്കുകയും ചെയ്യുന്നതാണ് അൻവറിന്റെ തന്ത്രം. അതില്ലെങ്കിൽ, സംസ്ഥാനത്തെ പരമാവധി സീറ്റുകളിൽ തൃണമൂൽ സ്ഥാനാർത്ഥികളെ ഇറക്കി യുഡിഎഫിനും എൽഡിഎഫിനും തലവേദന സൃഷ്ടിക്കാനാണ് അൻവർ പദ്ധതിയിടുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് യുഡിഎഫിൽ ചേർന്ന് കൂടുതൽ സ്വാധീനം ഉറപ്പിക്കുകയെന്നതാണ് അദ്ദേഹത്തിന്റെ അന്തിമ ലക്ഷ്യം.