ശബരിമല ദ്വാരപാലക ശിൽപത്തിൽ സ്വർണ്ണം പൂശിയെന്ന വിവാദത്തെ കുറിച്ച് മുൻ ദേവസ്വം ബോർഡ് പ്രസിഡന്റായ എൻ. വാസു പ്രതികരിച്ചു. ദ്വാരപാലക ശിൽപങ്ങൾ മാറ്റി കൊണ്ടുപോയതും തിരിച്ചുപുനഃസ്ഥാപിച്ചതും താൻ പ്രസിഡന്റായിരുന്ന കാലത്ത് അല്ലെന്ന് അദ്ദേഹം വ്യക്തമാക്കി.Former Devaswom Board President N. Vasu responds to Sabarimala gold plating controversy
“ഉണ്ണിക്കൃഷ്ണൻ പോറ്റിയെ ഞാൻ കണ്ടിട്ടുണ്ട്, പക്ഷേ എനിക്ക് ഒരിക്കലും കാര്യമായ സമ്പർക്കമോ ആശയവിനിമയമോ ഉണ്ടായിട്ടില്ല. ഇപ്പോഴാണ് അദ്ദേഹത്തെക്കുറിച്ച് സംശയം തോന്നുന്നത്,” എന്നും വാസു പറഞ്ഞു.
ശബരിമലയിലെ സ്വർണപൂശൽ സംബന്ധിച്ച് ലഭിച്ച മെയിൽ അപേക്ഷയല്ല, ഉപദേശം തേടിയതായിരുന്നു എന്ന് അദ്ദേഹം വിശദീകരിച്ചു. “ആ മെയിൽ ആറു വർഷം മുമ്പുള്ളതാണ്. അതിന്മേൽ ഞാൻ നൽകിയ നോട്ട് സാധാരണ നടപടിക്രമത്തിന്റെ ഭാഗമായിരുന്നു. ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ ഉദ്ദേശം വ്യക്തമാക്കേണ്ടത് ബന്ധപ്പെട്ട ഉദ്യോഗസ്ഥരായിരുന്നു,” എന്നും വാസു കൂട്ടിച്ചേർത്തു.
സ്വർണം ആയിരുന്നോ ചെമ്പ് ആയിരുന്നോ എന്ന് പറയാൻ ബുദ്ധിമുട്ടുണ്ടെന്നും തനിക്ക് അതിൽ ദൃശ്യപരമായ അറിവ് മാത്രമേ ഉള്ളൂ എന്നും അദ്ദേഹം പറഞ്ഞു.
“ശബരിമലയിൽ പലരും കറങ്ങിക്കൊണ്ടിരിക്കും — ചിലർ ബ്രോക്കർമാരെപ്പോലെ പ്രവർത്തിക്കും. ഉദ്യോഗസ്ഥർക്ക് അവരെ കുറിച്ച് വ്യക്തമായ ധാരണ ഉണ്ടാകാം. അന്വേഷണം നടക്കുമ്പോൾ ഞാൻ പൂർണ്ണമായി സഹകരിക്കും,” എന്നും എൻ. വാസു മാധ്യമങ്ങളോട് വ്യക്തമാക്കി.