മുഖ്യമന്ത്രിയെ നേരിട്ട് സമീപിച്ച് അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പരാതികളും അറിയിക്കാനുള്ള പുതിയ വേദി ‘മുഖ്യമന്ത്രി എന്നോടൊപ്പം’ ഇന്ന് പ്രവർത്തനം ആരംഭിക്കുന്നു. പൊതുജനങ്ങൾക്കായി തിരുവനന്തപുരത്തെ വെള്ളയമ്പലത്ത് സ്ഥാപിച്ചിരിക്കുന്ന സിറ്റിസൺ കണക്ട് സെന്റർ ആണ് പദ്ധതിയുടെ മുഖ്യ കേന്ദ്രം.’CM with Me’ Citizen Connect Center launches today
ഇന്ന് വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ സെന്ററിന്റെ ഉദ്ഘാടനം നിർവഹിക്കും. ചടങ്ങിൽ റവന്യു വകുപ്പ് മന്ത്രി കെ. രാജൻ അധ്യക്ഷത വഹിക്കും.
പദ്ധതിയുടെ ലക്ഷ്യം, സർക്കാർ-ജനങ്ങൾ തമ്മിലുള്ള ആശയവിനിമയം ശക്തിപ്പെടുത്തുകയും, ജനങ്ങളുടെ പ്രശ്നങ്ങൾക്കും പരാതികൾക്കും യഥാസമയം മറുപടി നൽകുകയും ചെയ്യുന്നതാണ്. കൂടാതെ സർക്കാർ പദ്ധതികളെ കുറിച്ചുള്ള നിർദ്ദേശങ്ങളും വിലയിരുത്തലുകളും നേരിട്ട് സ്വീകരിക്കാൻ ഇതിലൂടെ സാധിക്കും.
കേരളത്തിന്റെ പങ്കാളിത്ത ഭരണ മാതൃകയെ കൂടുതൽ ശക്തിപ്പെടുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. ജനങ്ങളുടെ അഭിപ്രായം കേട്ടും ഉൾക്കൊണ്ടുമാത്രമേ വികസന പ്രവർത്തനങ്ങൾ ഫലപ്രദമാവൂ എന്ന സർക്കാരിന്റെ പ്രതിബദ്ധതയാണ് ‘മുഖ്യമന്ത്രി എന്നോടൊപ്പം’ വഴി ഉറപ്പാക്കുന്നത്.
പരിപാടിയുടെ കാര്യക്ഷമമായ പ്രവർത്തനത്തിനായി കെ.എ.എസ് ഓഫീസർമാർ ഉൾപ്പെടെ പരിചയസമ്പന്നരായ സർക്കാർ ഉദ്യോഗസ്ഥരെ നിയമിച്ചിരിക്കുകയാണ്. മേൽനോട്ടത്തിനായി അഖിലേന്ത്യാ സർവീസ് ഉദ്യോഗസ്ഥരുടെ സേവനവും വിന്യസിച്ചിട്ടുണ്ട്. കിഫ്ബിയാണ് അടിസ്ഥാനവും സാങ്കേതികവുമായ സൗകര്യങ്ങൾ ഒരുക്കുന്നത്. കണക്ട് സെന്ററിന്റെ നടത്തിപ്പും മേൽനോട്ട ചുമതലയും ഇൻഫർമേഷൻ-പബ്ലിക് റിലേഷൻസ് വകുപ്പിനായിരിക്കും.
