തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമം സംഘടിപ്പിക്കുന്നതിൽ സർക്കാരിനെ പിന്തുണയ്ക്കുമെന്ന് നായർ സർവീസ് സൊസൈറ്റി (എൻഎസ്എസ്) അറിയിച്ചു. പരിപാടിയുമായി സഹകരിക്കുമെന്ന് എൻഎസ്എസ് വൈസ് പ്രസിഡന്റ് സംഗീത് കുമാർ പറഞ്ഞു. ശബരിമലയുടെ വികസനമാണ് സർക്കാരിന്റെ ലക്ഷ്യമെന്നും, ആ നിലപാടിനെ എൻഎസ്എസ് അംഗീകരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.NSS supports government in global Ayyappa Sangam
ശബരിമല പ്രക്ഷോഭ സമയത്ത് ബിജെപിയുടെയും മറ്റു ഹിന്ദു സംഘടനകളുടെയും പിന്തുണ എൻഎസ്എസിനൊപ്പമുണ്ടായിരുന്നില്ലെന്നും, ആദ്യം പ്രക്ഷോഭവുമായി രംഗത്തെത്തിയത് എൻഎസ്എസാണെന്നും സംഗീത് കുമാർ ഓർമ്മിപ്പിച്ചു. കരയോഗങ്ങൾ വഴിയാണ് നാമജപങ്ങളും മറ്റു പരിപാടികളും സംഘടിപ്പിച്ചതെന്നും, പിന്നീട് അത് പല സംഘടനകളും ഏറ്റെടുത്തതാണെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഇപ്പോൾ നിലനിൽക്കുന്നില്ലെന്നും സർക്കാരിനോട് എൻഎസ്എസിന് പൂർണ്ണ വിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, “ഹിന്ദു വൈറസ്” എന്നു വിശേഷിപ്പിച്ച എം.കെ. സ്റ്റാലിനും, അയ്യപ്പ ഭക്തരെ വഞ്ചിച്ച മുഖ്യമന്ത്രിയായ പിണറായി വിജയനും സംഗമത്തിൽ പങ്കെടുക്കരുതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പ്രതികരിച്ചു. അയ്യപ്പ സംഗമത്തെ രാഷ്ട്രീയ ലക്ഷ്യത്തോടെ ഉപയോഗിക്കരുതെന്ന മുഖ്യമന്ത്രി പറയുന്നത് ജനങ്ങളെ വഞ്ചിക്കുന്ന ശ്രമമാണെന്നും, സ്റ്റാലിനെ ക്ഷണിച്ചത് ആരാണെന്നും എന്തിനാണെന്നും അദ്ദേഹം ചോദിച്ചു.
“18 തവണ ശബരിമല കയറിയ എനിക്കാണോ വിശ്വാസ കാര്യത്തിൽ അറിവ്, അതോ നാസ്തികനായ മുഖ്യമന്ത്രിക്കാണോ?” എന്നും, തെരഞ്ഞെടുപ്പിന് മുൻപ് സംഗമം സംഘടിപ്പിക്കുന്നത് ഹിന്ദു വോട്ടുകൾ ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ നീക്കമാണെന്നും രാജീവ് ചന്ദ്രശേഖർ ആരോപിച്ചു.
ഇതിന് മറുപടിയായി മുഖ്യമന്ത്രി വ്യക്തമാക്കി: ആഗോള അയ്യപ്പ സംഗമം ഒരു സർക്കാർ പരിപാടി അല്ല, കേരളത്തിന് പുറത്തും ഇതിനുള്ള താൽപര്യം നിലനിൽക്കുന്നുണ്ട്. ചിലർ പരിപാടിയെ എതിർക്കുന്നുണ്ടെങ്കിലും, അതുകൊണ്ട് സംഗമം തടസ്സപ്പെടില്ലെന്നും, പുറത്തുനിന്ന് വരുന്ന വിമർശനങ്ങൾ കൊണ്ട് പരിപാടി നിലയ്ക്കില്ലെന്നും പിണറായി വിജയൻ പറഞ്ഞു.
