തിരുവനന്തപുരം: ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കിടെ രോഗിയുടെ നെഞ്ചിൽ ട്യൂബ് കുടുങ്ങിയ സംഭവത്തിൽ, ആരോഗ്യവകുപ്പിന്റെ വാദം തള്ളി പരാതിക്കാരി സുമയ്യ പ്രതികരിച്ചു. ഡോ. രാജീവ് കുമാറിനെ സംരക്ഷിക്കാനുള്ള നിലപാടാണ് ആരോഗ്യമേഖല സ്വീകരിച്ചതെന്നും വിഷയം ഒതുക്കി തീർക്കാൻ ശ്രമം നടന്നതായും അവര് ആരോപിച്ചു.Surgical error: Patient rejects Health Department’s claim
ശസ്ത്രക്രിയയ്ക്ക് പിന്നാലെ കടുത്ത ശ്വാസതടസം അനുഭവപ്പെട്ടതിനാൽ ജോലി പോലും ഉപേക്ഷിക്കേണ്ടി വന്നതായി സുമയ്യ പറയുന്നു. ശസ്ത്രക്രിയ പിഴവ് നേരത്തെ അറിഞ്ഞിട്ടും, നെഞ്ചിൽ കുടുങ്ങിക്കിടക്കുന്ന ഗൈഡ് വയർ പ്രശ്നമല്ലെന്നായിരുന്നു ആരോഗ്യമന്ത്രാലയത്തിന്റെ നിലപാട്.
തൈറോയ്ഡ് ഗ്രന്ഥിയുമായി ബന്ധപ്പെട്ട ശസ്ത്രക്രിയയ്ക്കുശേഷമാണ് പ്രശ്നങ്ങൾ ആരംഭിച്ചത്. പിന്നീട് മറ്റൊരു ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ, ഗൈഡ് വയർ ധമനികളോട് ഒട്ടിക്കിടക്കുന്നുവെന്ന് കണ്ടെത്തി. ചികിത്സാ പിഴവ് സമ്മതിക്കുന്ന തരത്തിലുള്ള ഡോക്ടറുടെ ശബ്ദരേഖയും പുറത്ത് വന്നിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് സുമയ്യയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. ഡോ. രാജീവ് കുമാറിനെതിരെ സഹോദരൻ ഷിനാസ് കണ്ടോൽമെന്റ് പൊലീസ് സ്റ്റേഷനിൽ പരാതി സമർപ്പിച്ചിട്ടുണ്ട്. കൂടാതെ, മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യ മന്ത്രി വീണാ ജോർജിനും പരാതി നൽകുമെന്നും സുമയ്യ വ്യക്തമാക്കി.