തിരുവനന്തപുരം: മുൻ എക്സൈസ് കമ്മീഷണറും കേരളത്തിലെ എഡിജിപിയുമായിരുന്ന മഹിപാൽ യാദവ് അന്തരിച്ചു. ബ്രെയിൻ ട്യൂമർ ബാധിച്ച് ചികിത്സയിൽ കഴിയുന്നതിനിടെ രാജസ്ഥാനിലെ ജയ്പൂരിൽ വെച്ചായിരുന്നു മരണം. ഈ മാസം 30-ന് സർവീസിൽ നിന്ന് വിരമിക്കാനിരിക്കെയാണ് അന്ത്യം സംഭവിച്ചത്.ADGP Mahipal Yadav passes away
ഇന്ന് (ബുധനാഴ്ച) വൈകിട്ട് നാല് മണിക്ക് സഹപ്രവർത്തകർ ഓൺലൈൻ യാത്രയപ്പ് നൽകാനൊരുങ്ങിയിരിക്കെ, അദ്ദേഹത്തിന്റെ നിര്യാണവാർത്ത ബന്ധുക്കൾ പൊലീസിനെ അറിയിച്ചു.
രാജസ്ഥാനിലെ ആൽവാർ സ്വദേശിയായ മഹിപാൽ യാദവ് 1997 ലെ ഐപിഎസ് ബാച്ചിലെ ഉദ്യോഗസ്ഥനാണ്. കേരളത്തിൽ എക്സൈസ് കമ്മീഷണറായി രണ്ട് വർഷം സേവനം അനുഷ്ഠിച്ച ശേഷം, കഴിഞ്ഞ ജൂലായിൽ ക്രൈംസ് എഡിജിപിയായി നിയമിതനായിരുന്നു. എക്സൈസ് കമ്മീഷണർ, എറണാകുളം റേഞ്ച് ഐജി, കേരള ബിവറേജസ് കോർപ്പറേഷൻ എം.ഡി., അതിർത്തി സുരക്ഷാ സേനയിൽ (ബിഎസ്എഫ്) ഐജി, സി.ബി.ഐ.യിൽ സേവനം തുടങ്ങിയ നിരവധി ചുമതലകൾ അദ്ദേഹം വഹിച്ചു.
സി.ബി.ഐ.യിൽ സേവനം അനുഷ്ഠിക്കുന്ന സമയത്ത് അഗസ്റ്റ വെസ്റ്റ്ലാൻഡ് ഹെലികോപ്റ്റർ അഴിമതി കേസ്, സമാജ് വാദി പാർട്ടി നേതാവ് മുലായം സിങ് യാദവിന്റെ അനധികൃത സ്വത്ത് കേസ് തുടങ്ങിയ ദേശീയ പ്രാധാന്യമുള്ള അന്വേഷണങ്ങൾ കൈകാര്യം ചെയ്തിരുന്നു. 2013-ൽ രാഷ്ട്രപതിയുടെ വിശിഷ്ട സേവനത്തിനുള്ള പോലീസ് മെഡൽ അദ്ദേഹം നേടിയിരുന്നു.
2018 മുതൽ അതിർത്തി സുരക്ഷാ സേനയിലെ ഐ.ജി.യായും സേവനമനുഷ്ഠിച്ച മഹിപാൽ യാദവ്, കേരളത്തിലെ ഐപിഎസ് ഉദ്യോഗസ്ഥരിൽ സൗമ്യസ്വഭാവിയായ ഉദ്യോഗസ്ഥനെന്ന പേരും നേടി. ആരോഗ്യപ്രശ്നങ്ങൾ കാരണം ക്രൈംസ് എഡിജിപി ചുമതല ഏറ്റെടുത്ത ശേഷവും ഉടൻ തന്നെ അവധിയിലേക്ക് മാറുകയായിരുന്നു.
വിരമിക്കുന്ന ഉദ്യോഗസ്ഥർക്കുള്ള പതിവ് യാത്രയയപ്പ് ചടങ്ങിന് നേരിട്ട് പങ്കെടുക്കാനാവില്ലെന്ന് വ്യക്തമായതോടെ ഇന്ന് ഓൺലൈൻ ചടങ്ങ് സംഘടിപ്പിക്കാനായിരുന്നു തീരുമാനമെടുത്തിരുന്നത്. പൊലീസിന്റെ ആസ്ഥാനത്തെ ബോർഡ് റൂമിൽ ഡിജിപി ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥർ ചേരുന്ന യോഗത്തിൽ യാദവ് ജയ്പൂരിൽ നിന്ന് സൂം വഴി പങ്കെടുക്കുമെന്നാണ് പദ്ധതി. എന്നാൽ, യോഗം നടക്കുന്നതിനുമുമ്പ് തന്നെ അദ്ദേഹത്തിന്റെ മരണവാർത്ത എത്തിയത്.