തിരുവനന്തപുരം: റാപ് ഗായകൻ വേടനെതിരെ വീണ്ടും ലൈംഗികാതിക്രമ ആരോപണങ്ങൾ ഉയർന്നു. രണ്ട് യുവതികളാണ് മുഖ്യമന്ത്രിയോട് പരാതി നൽകിയത് എന്നാണ് വിവരം. ഈ പരാതികൾ ഇന്ന് ഡിജിപിക്ക് കൈമാറുമെന്ന് അറിയുന്നു. ഇരുവരും മുഖ്യമന്ത്രിയെ നേരിൽ കാണാൻ സമയവും അഭ്യർത്ഥിച്ചിരുന്നു.Another sexual assault case filed against rapper Vedan
ആദ്യ പരാതി 2020 ലെ സംഭവവുമായി ബന്ധപ്പെട്ടതാണ്. ദളിത് സംഗീതത്തിൽ ഗവേഷണം നടത്താനായി വേടനെ സമീപിച്ച യുവതിയെ കൊച്ചിയിലേക്ക് വിളിച്ചുവരുത്തി ലൈംഗികമായി ഉപദ്രവിച്ചതായി അവർ ആരോപിച്ചു. രണ്ടാമത്തെ പരാതി 2021 ലെ സംഭവത്തെ കുറിച്ചാണ്. വേടന്റെ സംഗീത പരിപാടികളിലൂടെ ബന്ധപ്പെടുകയും പിന്നീട് ക്രൂരമായ ലൈംഗികാതിക്രമത്തിന് ഇരയാകുകയും ചെയ്തതായി യുവതി പറഞ്ഞു.
അതേസമയം, വേടനെതിരെ നേരത്തെ തന്നെ തൃക്കാക്കര പൊലീസ് ബലാൽസംഗക്കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. യുവ ഡോക്ടർ നൽകിയ പരാതിയിൽ, 2021 ഓഗസ്റ്റ് 1 മുതൽ 2023 മാർച്ച് 31 വരെ വിവാഹ വാഗ്ദാനം നൽകി പല തവണയും ബലാത്സംഗം ചെയ്തുവെന്നാണ് ആരോപണം. കൊച്ചി, കോഴിക്കോട് തുടങ്ങിയ ഇടങ്ങളിലാണ് കുറ്റകൃത്യങ്ങൾ നടന്നതെന്ന് അവർ വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ, ലഹരി മരുന്ന് നൽകി പീഡിപ്പിച്ചുവെന്നാരോപണവും പരാതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇതിനിടെ, കേസിൽ പ്രതിയായ വേടൻ ഇപ്പോഴും ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു.
