വാഷിങ്ടൺ: റഷ്യ-യുക്രൈൻ യുദ്ധത്തിന് വിരാമം കുറിക്കാൻ യുക്രൈൻ പ്രസിഡന്റ് വ്ലാഡ്മിർ സെലൻസ്കി തയ്യാറാകണമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആവശ്യപ്പെട്ടു. ക്രിമിയൻ ഉപദ്വീപ് റഷ്യക്ക് സ്ഥിരമായി വിട്ടുകൊടുക്കാനും നാറ്റോ സഖ്യത്തിൽ ചേരാനുള്ള ശ്രമം ഉപേക്ഷിക്കാനും യുക്രൈൻ സമ്മതിക്കണമെന്നായിരുന്നു ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യൽ വഴിയുള്ള പ്രഖ്യാപനം.Trump suggests Zelensky to end war with Russia
റഷ്യൻ പ്രസിഡന്റ് വ്ലാഡ്മിർ പുടിനുമായി അലാസ്കയിൽ നടത്തിയ ചർച്ചയ്ക്കു പിന്നാലെയാണ് ട്രംപ് ഇത്തരമൊരു നിർദ്ദേശം മുന്നോട്ടുവച്ചത്. “യുദ്ധം ഉടൻ അവസാനിപ്പിക്കണമെങ്കിൽ സെലൻസ്കിക്ക് കഴിയുന്നുണ്ട്. എന്നാൽ പോരാട്ടം തുടരുകയോ സമാധാനത്തിന് വഴിമാറുകയോ ചെയ്യേണ്ടത് അദ്ദേഹത്തിന്റെ തീരുമാനമാണ്. ഒബാമയുടെ കാലത്ത് ഒരു വെടിവെപ്പുമില്ലാതെ തന്നെ ക്രിമിയ റഷ്യക്ക് പോയിരുന്നു; അത് ഇനി തിരികെ ലഭിക്കില്ല. അതുപോലെ, യുക്രൈൻ നാറ്റോയിൽ ചേരുകയും ഇല്ല. ചില കാര്യങ്ങൾ ഒരിക്കലും മാറുകയില്ല,”എന്നാണ് ട്രംപ് കുറിച്ചത്.
വെടിനിർത്തലിന് പകരം സമാധാന ഉടമ്പടി നേടുകയാണ് ഉചിതമെന്ന് അലാസ്കയിൽനിന്ന് മടങ്ങുംവഴി ട്രംപ് വ്യക്തമാക്കിയിരുന്നു. അന്തിമ കരാറിലേക്ക് കടക്കുന്നതിന് മുമ്പ് കൂടുതൽ ചർച്ചകൾ വേണമെന്ന നിലപാടും പുടിൻ ആവർത്തിച്ചു. യുക്രൈൻ നാറ്റോയിൽ ചേരുന്നതിനെ തുടക്കം മുതലേ റഷ്യ ശക്തമായി എതിർക്കുന്നുണ്ട്.
അതേസമയം, ട്രംപ് നടത്തുന്ന ചർച്ചകളിൽ പങ്കാളികളാകാൻ യൂറോപ്യൻ യൂണിയൻ നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്. തിങ്കളാഴ്ച വൈറ്റ് ഹൗസിൽ നടക്കുന്ന ട്രംപ് – സെലൻസ്കി കൂടിക്കാഴ്ചയിൽ യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയൻ, നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റുട്ടെ, ബ്രിട്ടീഷ് പ്രധാനമന്ത്രി കിയ സ്റ്റാമർ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ, ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജ മെലോനി, ജർമൻ ചാൻസലർ ഫ്രീഡ്റിഷ് മേർട്സ്, ഫിൻലൻഡ് പ്രസിഡന്റ് അലക്സാണ്ടർ സ്റ്റബ് എന്നിവർ പങ്കെടുക്കും.
ഫ്രഞ്ച് പ്രസിഡന്റ് മക്രോ പറഞ്ഞു: “യുക്രെയ്നിന്റെ ശേഷിക്കുന്ന പ്രദേശങ്ങൾക്ക് സുരക്ഷാ ഉറപ്പ് വേണം. ഒരു രാഷ്ട്രത്തിനും സ്വന്തം ഭൂമി നഷ്ടപ്പെടുന്നത് അംഗീകരിക്കാനാവില്ല. യൂറോപ്പ് ദുർബലമാകുന്നത് ഭാവിയിൽ വലിയ വില നൽകേണ്ട സാഹചര്യം സൃഷ്ടിക്കും.”
അലാസ്ക ഉച്ചകോടിക്ക് ശേഷമുണ്ടായ പ്രതികരണത്തിൽ, യുക്രെയ്നും യൂറോപ്യൻ യൂണിയനും പുടിന്റെ നിലപാട് സമയം നഷ്ടപ്പെടുത്താനുള്ള ശ്രമമാണെന്ന് വിമർശിച്ചു. എന്നാൽ സമാധാനം കൈവരിക്കാൻ യുക്രൈൻ ചില പ്രദേശങ്ങൾ വിട്ടുകൊടുക്കുമോ എന്നതാണ് ലോകം ഉറ്റുനോക്കുന്നത്.