തൃശൂർ: സംഗീതജ്ഞനും വിവേകോദയം ഹയർസെക്കൻഡറി സ്കൂളിലെ ഗാന്ധിയൻ സ്റ്റഡീസ് അധ്യാപകനും വൃന്ദവാദ്യ സംഘം പരിശീലകനുമായ അനൂപ് വെള്ളാറ്റഞ്ഞൂരിനെ (41) മരിച്ച നിലയിൽ കണ്ടെത്തി. വടക്കേച്ചിറയ്ക്ക് സമീപമുള്ള ഫ്ലാറ്റിലാണ് ഇന്നലെ രാവിലെ അദ്ദേഹം തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തപ്പെട്ടത്.Musician and Vrindavadya ensemble coach Anoop Vellatanjoor found hanging
വെള്ളാറ്റഞ്ഞൂർ കല്ലാറ്റ് പരേതനായ പീതാംബരന്റെയും തയ്യൂർ ഗവ. സ്കൂൾ റിട്ട. അധ്യാപികയായ രാജലക്ഷ്മിയുടെയും മകനാണ് അനൂപ്. കഴിവേറിയ ഗായകനും ഇടയ്ക്ക വാദകനുമായ അനൂപ് ഗിറ്റാർ, കീബോർഡ് തുടങ്ങിയ സംഗീതോപകരണങ്ങളിലും കഴിവ് തെളിയിച്ചിരുന്നു.
വിവേകോദയം ഹൈസ്കൂളിൽ ഇംഗ്ലീഷ് അധ്യാപകനായും സേവനമനുഷ്ഠിച്ചിരുന്ന അദ്ദേഹം ഹൈസ്കൂളും ഹയർസെക്കൻഡറിയുമായ വൃന്ദവാദ്യ സംഘങ്ങൾക്ക് പരിശീലനം നൽകി. 2022 മുതൽ 2024 വരെയുള്ള സംസ്ഥാന സ്കൂൾ കലോത്സവങ്ങളിൽ ഇരു ടീമുകളും എ ഗ്രേഡ് നേടിയിരുന്നു. കാണിപ്പയ്യൂർ കൈകൊട്ടിക്കളി സംഘത്തിന്റെ ഇടയ്ക്ക വാദകനുമായിരുന്നു.
തൃശൂർ ആസ്ഥാനമായുള്ള ഇലഞ്ഞിക്കൂട്ടം എന്ന ബാൻഡിന്റെ അമരക്കാരനായിരുന്നു അനൂപ്. സംസ്കാരം ബുധനാഴ്ച രാവിലെ 10.30ന് വെള്ളാറ്റഞ്ഞൂരിലെ വീട്ടുവളപ്പിൽ നടക്കും. ഭാര്യ: പാർവതി (ആയുർവേദ ഡോക്ടർ). മക്കൾ: പാർവണ, പാർത്ഥിപ്.
അനൂപ് വെള്ളാറ്റഞ്ഞൂരിന്റെ നിര്യാണത്തിൽ ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു അനുശോചനം രേഖപ്പെടുത്തി.