തിരുവനന്തപുരം: ഹേമാകമ്മിറ്റി റിപ്പോർട്ട് സംബന്ധിച്ച് ആവശ്യമായ നടപടികൾ കൈക്കൊണ്ടിട്ടുണ്ടെന്ന് മന്ത്രി സജി ചെറിയാൻ. എന്നാൽ വിഷയത്തിൽ ചിലർ തെറ്റിദ്ധാരണ പരത്തുന്നുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രത്യേക താൽപ്പര്യ പ്രകാരം കൂടിയാണ് ഹേമാകമ്മിറ്റി രൂപീകരിച്ചത്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വേണ്ട വിധമുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
ഹേമാകമ്മിറ്റി റിപ്പോര്‍ട്ടിനെ കുറിച്ച് തെറ്റിദ്ധാരണാജനകമായ കാര്യങ്ങളാണ് പലരും പറഞ്ഞുകൊണ്ടിരിക്കുന്നത്. സിനിമാനയം വന്നതും നിയമനിര്‍മാണം നടത്തുന്നതും അടുത്തമാസം കോണ്‍ക്ലേവ് തീരുമാനിച്ചതും അതിന്റെ ഭാഗമാണ്. ഇതൊന്നും അറിയാത്ത ആളുകളല്ല ചില കമന്റുകള്‍ പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഹേമാകമ്മിറ്റിക്ക് മൊഴി നൽകിയ പല ആളുകൾക്കും കേസുമായി മുന്നോട്ട് പോവാന്‍ താല്പര്യമില്ലാത്ത സാഹചര്യത്തിൽ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ അവസാനിപ്പിക്കാൻ സർക്കാർ തീരുമാനമെടുത്തിരുന്നു. ഇത് വലിയ വിവാദങ്ങൾക്കാണ് വഴിയൊരുക്കിയത്. 35 കേസുകളാണ് പ്രത്യേക അന്വേഷണ സംഘം രജിസ്റ്റര്‍ ചെയ്തിരുന്നത്. ഇതില്‍ 21 എണ്ണം നേരത്തെ തന്നെ ഒഴിവാക്കിയിരുന്നു. ബാക്കിയുള്ള 14 എണ്ണം കൂടി അവസാനിപ്പിച്ച് കോടതികളില്‍ റിപ്പോര്‍ട്ട് സമർപ്പിക്കും.
