വാഷിങ്ടൺ: ഒപ്പം താമസിച്ചിരുന്ന ആളെ കത്തികൊണ്ട് കുത്തിയതിനെ തുടർന്ന് ഇന്ത്യക്കാരനായ മുഹമ്മദ് നിസാമുദ്ദീനെ (32) യുഎസ് പോലീസ് വെടിവെച്ച് കൊലപ്പെടുത്തി. ഹൈദരാബാദ് സ്വദേശിയായ നിസാമുദ്ദീൻ കാലിഫോർണിയയിലെ സാന്താ ക്ലാരയിലെ ഒരു ടെക് കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു. കംപ്യൂട്ടർ സയൻസിൽ ബിരുദാനന്തര ബിരുദധാരിയുമാണ് അദ്ദേഹം.US police shoot dead Indian man
സംഭവം സെപ്റ്റംബർ 3നാണ് നടന്നത്. എന്നാൽ വിവരം കുടുംബത്തെ അറിയിച്ചത് അടുത്തിടെ മാത്രമാണ്, അമേരിക്കയിലെ ഒരു സുഹൃത്തിലൂടെയാണ് കുടുംബം കാര്യങ്ങൾ അറിഞ്ഞത്. സഹവാസിയെ കുത്തിയെന്ന വിവരം ലഭിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പോലീസ്, പ്രതിരോധ നടപടിയായി നാല് തവണ വെടിവച്ചെന്നാണ് റിപ്പോർട്ട്. ഗുരുതരമായി പരിക്കേറ്റ നിസാമുദ്ദീനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരണം സ്ഥിരീകരിച്ചു. ആക്രമിക്കപ്പെട്ട സഹവാസി ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്.
നിസാമുദ്ദീൻ നേരത്തെ തന്നെ വംശീയ അധിക്ഷേപങ്ങൾ നേരിടുന്നുവെന്നും, ജോലിയിൽ നിന്ന് അന്യായമായി പുറത്താക്കപ്പെട്ടതിനെതിരെ പരാതിപ്പെട്ടിട്ടുണ്ടെന്നും കുടുംബം അറിയിച്ചു. സാന്താ ക്ലാരയിലെ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാൻ വിദേശകാര്യ മന്ത്രാലയത്തിന്റെ അടിയന്തര ഇടപെടൽ വേണമെന്ന് കുടുംബം ആവശ്യപ്പെട്ടു.
