ജറുസലേം: ഗാസ സിറ്റി പൂർണമായും ഭക്ഷ്യക്ഷാമത്തിലാണെന്ന് ഐക്യരാഷ്ട്ര സഭ സ്ഥിരീകരിച്ചു. ഉടൻ സഹായം എത്തിക്കണമെന്നാവശ്യപ്പെട്ടാണ് യുഎൻ ഏജൻസിയായ ഇന്റഗ്രേറ്റഡ് ഫുഡ് സെക്യൂരിറ്റി ഫേസ് ക്ലാസിഫിക്കേഷൻ (ഐപിസി) മുന്നറിയിപ്പ് നൽകിയത്. ഗാസയിൽ ഇന്നലെ രണ്ട് പട്ടിണിമരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തു.UN declares food shortage in Gaza City
പശ്ചിമേഷ്യയിലെ ഒരു പ്രദേശത്ത് ഔദ്യോഗികമായി ഭക്ഷ്യക്ഷാമം പ്രഖ്യാപിക്കുന്നത് ഇതാദ്യമായാണ്. ഗാസയിൽ പട്ടിണി വ്യാപിക്കുന്നതായി ഐപിസി പലവട്ടം മുന്നറിയിപ്പ് നൽകിയിരുന്നു. ഉടൻ മനുഷ്യാവകാശ സഹായവും വെടിനിർത്തലും വേണമെന്നാവശ്യപ്പെട്ട് ഏജൻസി ആവർത്തിക്കുന്നു. സഹായം വൈകിയാൽ തെക്കൻ ഗാസയും അടുത്ത മാസത്തോടെ ക്ഷാമത്തിലാകുമെന്ന് മുന്നറിയിപ്പുണ്ട്.
അതേസമയം, ഗാസ സിറ്റി പിടിക്കാനുള്ള സൈനിക നീക്കവുമായി ഇസ്രയേൽ മുന്നേറുകയാണെന്ന് സൂചന. ഹമാസ് കീഴടങ്ങിയില്ലെങ്കിൽ റഫ, ബെയ്ത് ഹനൂൻ എന്നിവ പോലെ ഗാസ സിറ്റിയും തകർക്കുമെന്നും പ്രതിരോധമന്ത്രി ഇസ്രയേൽ കട്സ് പ്രസ്താവിച്ചു. യുദ്ധം ആരംഭിക്കുമ്പോൾ ഗാസ സിറ്റിയിൽ ഏകദേശം 7 ലക്ഷം പേർ താമസിച്ചിരുന്നുവെന്ന് കണക്ക്.
യുദ്ധം മൂലം ഗാസയിലെ ഭക്ഷ്യോൽപാദനം തകർന്നതും, സഹായവിതരണം ഇസ്രയേൽ തടഞ്ഞതുമാണ് ക്ഷാമത്തിന് പ്രധാന കാരണം. എന്നാൽ ഗാസയിൽ ഭക്ഷ്യക്ഷാമമില്ല, ഇത് ഹമാസ് പ്രചരിപ്പിക്കുന്ന വ്യാജവാർത്തയാണെന്നാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ നിലപാട്.
ഐപിസി ഇതിന് മുൻപ് 2011ൽ സൊമാലിയയിലും, 2017, 2020 വർഷങ്ങളിൽ സൗത്ത് സുഡാനിലുമാണ് ഭക്ഷ്യക്ഷാമം പ്രഖ്യാപിച്ചത്. ഇസ്രയേൽ ബോംബാക്രമണങ്ങളിൽ ഇന്നലെ മാത്രം 71 പലസ്തീൻക്കാരാണ് കൊല്ലപ്പെട്ടത്.
