തിരുവനന്തപുരം: തൊണ്ടിമുതൽ കേസിൽ മുൻ മന്ത്രിയും എംഎൽഎയുമായ ആന്റണി രാജു കുറ്റക്കാരനെന്ന് കോടതി വിധിച്ചു. തിരുവനന്തപുരം നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതിയാണ് കേസിൽ കുറ്റപത്രം സമർപ്പിച്ച് 19 വർഷങ്ങൾക്ക് ശേഷം വിധി പ്രഖ്യാപിച്ചത്.Thondimala case: Court finds Antony Raju guilty
മയക്കുമരുന്ന് കേസിലെ പ്രതിയെ രക്ഷപ്പെടുത്തുന്നതിനായി തൊണ്ടിമുതലിൽ കൃത്രിമം നടത്തിയെന്നാണ് ആന്റണി രാജുവിനെതിരായ കേസ്. ആൻറണി രാജുവിനൊപ്പം കോടതി ക്ലർക്കായിരുന്ന ജോസുമാണ് കേസിലെ മറ്റൊരു പ്രതി. ഇരുവരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി.
സർക്കാർ ഉദ്യോഗസ്ഥരുടെ വിശ്വാസവഞ്ചന, ഗൂഢാലോചന, വഞ്ചന, തെളിവ് നശിപ്പിക്കൽ, കള്ള തെളിവ് നിർമ്മിക്കൽ, പൊതുവായ ഉദ്ദേശത്തോടെ ഒത്തുചേർന്ന് ഗൂഢാലോചന നടത്തൽ, പൊതു സേവകന്റെ നിയമലംഘനം, വ്യാജ രേഖ ചമയ്ക്കൽ തുടങ്ങിയ വകുപ്പുകളാണ് പ്രതികൾക്ക് ബാധകമെന്ന് കോടതി വ്യക്തമാക്കി. ജീവപര്യന്തം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് തെളിഞ്ഞിരിക്കുന്നതെന്ന് കോടതി നിരീക്ഷിച്ചു.
