കാസർകോട്: ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ചിറ്റാരിക്കൽ കാറ്റാം കവലയിൽ നടന്ന സംഭവത്തിൽ കർണാടക സ്വദേശികളായ 49 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. ഇവരിൽ ആറു കുട്ടികളും ഉള്‍പ്പെടുന്നു. അഞ്ചുപേർക്ക് ഗുരുതര പരിക്കുകളുണ്ടെന്നാണ് വിവരം. Bus carrying Sabarimala pilgrims overturns; one dead, several injured
ഗുരുതരാവസ്ഥയിലുള്ളവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. മറ്റ് യാത്രക്കാരെ ചെറുപുഴയും പയ്യന്നൂരും ഉൾപ്പെടെയുള്ള സമീപ ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്.
അപകടം ഇന്ന് ഉച്ചയ്ക്ക് രണ്ടോടെയാണ് സംഭവിച്ചത്. ശബരിമലയിൽ നിന്നു തിരിച്ച് ബെംഗളൂരുവിലേക്ക് മടങ്ങുകയായിരുന്ന സംഘത്തിന്റെ ബസാണ് മറിഞ്ഞത്. മലയോര ഹൈവേയിലെ മറ്റപ്പള്ളി വളവിൽ നിയന്ത്രണം വിട്ട് ബസ് 30 അടി താഴ്ചയിലേക്ക് തെറിച്ചുവീഴുകയായിരുന്നു. ഈ സ്ഥലത്ത് മുമ്പും അപകടങ്ങൾ സംഭവിച്ചിട്ടുണ്ടെന്നാണ് നാട്ടുകാരുടെ വിവരം. സംഭവസ്ഥലത്തേക്ക് ഓടിക്കൂടിയ നാട്ടുകാർ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി പരിക്കേറ്റവരെ ഉടൻ സമീപ ആശുപത്രികളിലേക്കു മാറ്റി. വിവരമറിഞ്ഞതോടെ പോലീസ്, ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.
