കോഴിക്കോട്: താമരശ്ശേരിയിലെ കോഴി അറവുമാലിന്യ സംസ്കരണ ഫാക്ടറിയിൽ നടന്ന സംഘർഷത്തെ തുടർന്ന് 30 പേർക്ക് എതിരെ വധശ്രമക്കേസെടുത്ത് പൊലീസ്. ഫ്രഷ് കട്ട് ഫാക്ടറിയിലെ തൊഴിലാളിയായ അനൂപ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്. പ്ലാന്റിലെ തൊഴിലാളികളെ കണ്ടെയ്നറിൽ പൂട്ടി കൊലപ്പെടുത്താൻ ശ്രമിച്ചതിനും സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് ഫാക്ടറി നശിപ്പിക്കാൻ ശ്രമിച്ചതിനുമാണ് കേസ്.Thamarassery clash: Attempted murder case filed against 30 people
പരാതിയിൽ, ഫാക്ടറിക്കെതിരായ അതിക്രമ ഗൂഢാലോചന നടത്തിയതായും അഞ്ചുകോടിയോളം രൂപയുടെ സാമ്പത്തികനഷ്ടം സംഭവിച്ചതായും പറയുന്നു. ഇതിനുമുമ്പ് 321 പേരെ പ്രതിചേർത്ത കേസിൽ, ഡിവൈഎഫ്ഐ കൊടുവള്ളി ബ്ലോക്ക് പ്രസിഡന്റ് ടി. മഹറൂഫിനെ ഒന്നാം പ്രതിയാക്കിയിട്ടുണ്ട്. ഉത്തരമേഖല ഡിഐജി യതീഷ് ചന്ദ്രയുടെ മേൽനോട്ടത്തിൽ റൂറൽ എസ്പിയും 16 പൊലീസുകാരും ഉൾപ്പെട്ട സംഘമാണ് അന്വേഷണം നടത്തുന്നത്. സംഘർഷത്തിൽ പൊലീസ് ഉദ്യോഗസ്ഥർക്കും പരിക്കേറ്റിരുന്നു.
അതേസമയം, സമരകാലത്ത് പൊലീസ് നടപടികൾക്കെതിരെ ഇന്ന് താമരശ്ശേരി, ഓമശ്ശേരി, കോടഞ്ചേരി പഞ്ചായത്തുകളിലായി ജനകീയ ഹർത്താൽ ആചരിക്കുന്നു. പൊലീസിനെതിരെ കല്ലെറിയുമ്പോൾ സമരസമിതി നേതാക്കൾ സ്ഥലത്തില്ലായിരുന്നുവെന്നാണു സൂചന. ചില പ്രത്യേക താൽപര്യ ഗ്രൂപ്പുകളാണ് അക്രമത്തിന് പിന്നിലെന്നും പൊലീസ് ആരോപിക്കുന്നു.
പോലീസ് സംയമനം പാലിച്ചിട്ടും സമരാനുകൂലികൾ ബോധപൂർവം ഫാക്ടറിയിലെ വാഹനങ്ങൾക്കും മറ്റു സൗകര്യങ്ങൾക്കും തീ വെച്ചതായും പൊലീസ് വാദിക്കുന്നു. എന്നാൽ, ജീവിക്കാൻ വേണ്ടിയാണ് സമരം നടത്തിയതെന്നും പൊലീസ് തന്നെയാണ് പ്രശ്നം രൂക്ഷമാക്കിയതെന്നും സമരക്കാരുടെ നിലപാട്.
