മലയാള സിനിമയ്ക്കും മമ്മൂട്ടിക്കും അഭിമാന നിമിഷം! ലോസാഞ്ചൽസിലെ വിഖ്യാതമായ ഓസ്കർ അക്കാദമി മ്യൂസിയത്തിൽ രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ‘ഭ്രമയുഗം’ പ്രദർശിപ്പിക്കുന്നു. ഫെബ്രുവരി 12-നാണ് ചിത്രത്തിന്റെ പ്രദർശനം നടക്കുക. അക്കാദമി മ്യൂസിയം സംഘടിപ്പിക്കുന്ന ‘Where the Forest Meets the Sea’ എന്ന പ്രത്യേക ചലച്ചിത്ര വിഭാഗത്തിലേക്കാണ് ഭ്രമയുഗം തിരഞ്ഞെടുക്കപ്പെട്ടത്. ലോകമെമ്പാടുമുള്ള നാടോടിക്കഥകളെയും മിത്തുകളെയും ആസ്പദമാക്കി നിർമ്മിച്ച സിനിമകളുടെ ഈ പട്ടികയിൽ ഇടംപിടിച്ച ഏക ഇന്ത്യൻ ചിത്രം കൂടിയാണ് ഭ്രമയുഗം.
മമ്മൂട്ടി അഭിനയിച്ച ഒരു ചിത്രം ആദ്യമായാണ് അക്കാദമി മ്യൂസിയത്തിൽ പ്രദർശിപ്പിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്.
“ഞാൻ കേട്ടുവളർന്ന കഥകളിൽ നിന്നും, വിട്ടുമാറാത്ത ഭയങ്ങളിൽ നിന്നും, ഒഴിഞ്ഞുപോകാത്ത നിശ്ശബ്ദതകളിൽ നിന്നുമാണ് ഭ്രമയുഗത്തിന്റെ പിറവി. ഭാഷയ്ക്കും ദേശത്തിനും അതീതമായി അത് സ്വീകരിക്കപ്പെടുന്നത് കാണുന്നത് ഹൃദയസ്പർശിയാണ്. ഇതിനായി പ്രവർത്തിച്ച എല്ലാവർക്കും നന്ദി.” എന്നായിരുന്നു സംവിധായകൻ രാഹുൽ സദാശിവന്റെ വാക്കുകൾ.
ജനുവരി 10 മുതൽ ഫെബ്രുവരി 12 വരെ നീണ്ടുനിൽക്കുന്ന ഈ പ്രദർശന പരമ്പരയിൽ ലോകപ്രശസ്തമായ പത്ത് ഹൊറർ-മിത്ത് സിനിമകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഭ്രമയുഗത്തോടൊപ്പം മിഡ്സോമ്മർ (2019), ദി വിച്ച് (2015), ദി വിക്കർ മാൻ (1973), ഒനിബാബ (1965), ഹിസ് ഹൗസ് (2020) തുടങ്ങിയ ചിത്രങ്ങളും പ്രദർശിപ്പിക്കും . 2024-ൽ പുറത്തിറങ്ങിയ ഭ്രമയുഗം അതിന്റെ വേറിട്ട ദൃശ്യാവിഷ്കാരം കൊണ്ടും മമ്മൂട്ടിയുടെ അവിസ്മരണീയ പ്രകടനം കൊണ്ടും വലിയ ചർച്ചയായിരുന്നു. പൂർണ്ണമായും ബ്ലാക്ക് ആൻഡ് വൈറ്റിൽ ഒരുക്കിയ ചിത്രം കേരളത്തിലെ നാടോടിക്കഥകളെയും മിത്തുകളെയും ആഗോള നിലവാരത്തിൽ അവതരിപ്പിച്ചതിനാണ് ഇപ്പോൾ അന്താരാഷ്ട്ര അംഗീകാരം നേടിയിരിക്കുന്നത്.
