സുമിമോള്‍ പിഎസ്
കൊളംബൊ: കുറച്ചു കാലമായി മമ്മൂട്ടിയുടെ ആരോഗ്യ പ്രശ്നങ്ങള്‍ കാരണം മഹേഷ് നാരായണന് ചിത്രത്തിന്റെ ഷൂട്ടിങ് നിര്‍ത്തി വച്ചിരിക്കുകയായിരുന്നു. എന്നാല്‍ അടുത്തിടെ, പൊളിറ്റിക്കല്‍ ത്രില്ലറിന്റെ പുതിയ ഷെഡ്യൂള്‍ ഷൂട്ട് ശ്രീ ലങ്കയില്‍ പുനരാരംഭിച്ചു. നായകന് മമ്മൂട്ടി ഇനിയും ഷൂട്ടിങ് തുടങ്ങിട്ടില്ലെങ്കിലും, മോഹന്‍ലാലും കുഞ്ചാക്കോ ബോബനും അടക്കമുള്ള മറ്റു താരങ്ങള്‍ പുതിയ ഷെഡ്യൂളില്‍ ജോയിന്‍ ചെയ്തു കഴിഞ്ഞു എന്ന് അടുത്തിടെ പുറത്തിറങ്ങിയ ലൊക്കേഷന്‍ ചിത്രങ്ങള്‍ സ്ഥിരീകരിച്ചിരുന്നു.Mammootty and Mohanlal team up for Patriot shooting in Sri Lanka
ഇതിനിടെ ശ്രീലങ്ക ടൂറിസം വിഭാഗം തങ്ങളുടെ ഒഫീഷ്യല്‍ എക്സ് പേജില്‍ ഷെയര്‍ ചെയ്ത ഒരു പോസ്റ്റില്‍ നിന്നാണ് മഹേഷ് നാരായണന് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് സോഷ്യല്‍ മീഡിയ കണ്ടെത്തിയിരിക്കുന്നത്. ‘തന്റെ പുതിയ മലയാള ചിത്രമായ പാട്രിയോട്ട് ചിത്രീകരിക്കുന്നതിനിടെ, ദക്ഷിണേന്ത്യന്‍ ഇതിഹാസം മോഹന്‍ലാല്‍ ശ്രീലങ്കയെ ‘ശരിക്കും ചിത്രീകരണത്തിന് അനുയോജ്യമായ ഒരു സ്ഥലമായി’ എന്ന് വിശേഷിപ്പിച്ചു,’ ടൂറിസം ഡിപ്പാര്‍ട്മെന്റ് എക്സ് പേജില്‍ കുറിച്ചു. ഒപ്പം, മോഹന്‍ലാലും ശ്രീലങ്കന്‍ ടൂറിസത്തിന്റെ ഉന്നത ഉദ്ധ്യോഗസ്ഥരും അടങ്ങുന്ന ഒരു ചിത്രവും കാണാം.
ഇതോട് കൂടി, വളരെ നാളുകളായി കാത്തിരിക്കുന്ന മമ്മൂട്ടി-മോഹന്‍ലാല്‍ ചിത്രത്തിന്റെ പേര് പാട്രിയോട്ട് എന്നാണെന്ന് ഉറപ്പിച്ചിരിക്കുകയാണ് സോഷ്യല്‍ മീഡിയയില്‍ സജീവമായ മലയാളി പ്രേക്ഷകര്‍. എന്നാല്‍, സംവിധായകന് മഹേഷ് നാരായണനും ടീമും ഇപ്പോഴും ഈ കാര്യത്തില്‍ മൗനം പാലിക്കുകയാണ്. ഏറ്റവും പുതിയ റിപോര്‍ട്ടുകള്‍ അനുസരിച്ച്, തന്റെ ചികിത്സ കഴിഞ്ഞ് വിശ്രമിക്കുന്ന നായകന് മമ്മൂട്ടി കൊച്ചിയില്‍ തിരിച്ചെത്തിയാലുടന്‍ ബിഗ് ബജറ്റ് ചിത്രത്തിന്റെ പേരും ഒഫീഷ്യല്‍ പോസ്റ്ററും റിലീസ് ചെയ്യാനാണ് നിര്‍മാതാക്കള്‍ തീരുമാനിച്ചിരിക്കുന്നത്.
ചിത്രത്തിന്റെ തിരക്കഥയില്‍ മാറ്റമുണ്ടെന്ന് വാര്‍ത്തകള്‍ നിഷേധിച്ച ടീം അംഗങ്ങള്‍, നേരത്തെ തീരുമാനിച്ചത് പോലെ തന്നെ ബാക്കി ഷൂട്ടും നടക്കുമെന്ന് അറിയിച്ചു കഴിഞ്ഞു. മമ്മൂട്ടി തിരിച്ചെത്തിയാല്‍ ആദ്യം ഷൂട്ട് ചെയ്യുക മോഹന്‍ലാലിനൊപ്പമുള്ള സീനുകള്‍ ആവുമെന്നാണ് സൂചന.
മമ്മൂട്ടിക്കും മോഹന്‍ലാലിനൊപ്പം മലയാളികള്‍ ഏറ്റവും കൂടുതല്‍ കാത്തിരിക്കുന്ന ചിത്രത്തില്‍ ഒരു വലിയ താര നിര തന്നെ അണിനിരക്കുന്നുണ്ട്. കുഞ്ചാക്കോ ബോബനും ഫഹദ് ഫാസില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രത്തില്‍ നായികയാവുന്നത് പ്രശസ്ത നടി നയന്‍താരയാണ്. ദര്‍ശന രാജേന്ദ്രന്, രഞ്ജി പണിക്കര്‍, രാജീവ് മേനോന്, സറിന് ശിഹാബ്, ഗ്രേസ് ആന്റണി, സിദ്ദിഖ്, ഡാനിഷ് ഹുസൈന്, പ്രകാശ് ബെലവാടി, രേവതി, തുടങ്ങിയവരും ചിത്രത്തിന്റെ താര നിരയിലുണ്ട്. സുഷിന് ശ്യാമാണ് മഹേഷ് നാരായണന് ചിത്രത്തിന് സംഗീതം ഒരുക്കുന്നുണ്ട്. ഛായാഗ്രഹണം മനുഷ് നന്ദന്.
