കൊച്ചി : പ്രശസ്ത വൃക്കരോഗ വിദഗ്ദൻ ഡോക്ടർ ജോർജ് പി അബ്രഹാമിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ രാത്രിയാണ് നെടുമ്പാശ്ശേരിക്കടുത്ത് തുരുത്തിശ്ശേരിയിലെ സ്വന്തം ഫാം ഹൗസിൽ ഡോക്ടറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ലേക്ക്ഷോർ ആശുപത്രിയിലെ സീനിയർ സർജനായ ഇദേഹം 25 വർഷത്തിനിടെ വ്യക്തിഗതമായി രണ്ടായിരത്തി അഞ്ഞൂറിലധികം വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ നടത്തിയിട്ടുണ്ട്.
ഇന്നലെ വൈകുന്നേരമാണ് സഹോദരനൊപ്പം ഫാം ഹൗസിൽ എത്തിയത്. തുടർന്ന് സഹോദരനെ പറഞ്ഞയച്ചു. പിന്നീട് രാത്രി വൈകി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഫാംഹൗസിൽ നിന്ന് ഇദ്ദേഹത്തിൻ്റെ ആത്മഹത്യ കുറിപ്പ് കണ്ടെടുത്തു. തനിക്ക് പ്രായാധിക്യമായെന്നും അതിനെ തുടർന്ന് നിരവധി ആരോഗ്യപ്രശ്നങ്ങൾ നിരന്തരം അലട്ടുന്നുവെന്നും കുറിപ്പിൽ വ്യക്തമാക്കുന്നു. പഴയത് പോലെ ശസ്ത്രക്രിയ നടത്താൻ കഴിയുന്നില്ല. ഇതിൽ തനിക്ക് നല്ല നിരാശയുണ്ടെന്നും ജോർജ് പി അബ്രഹാമിൻ്റെ ആത്മഹത്യ കുറിപ്പിൽ വിശദീകരിക്കുന്നു. അടുത്തിടെ ഡോക്ടർ ജോർജ്ജിൻ്റെ നട്ടെല്ലിന് ശസ്ത്രക്രിയ നടത്തിയിരുന്നു.
വൃക്ക ശസ്ത്രക്രിയ രംഗത്തെ പ്രമുഖൻ എന്ന നിലയിലാണ് ഡോക്ടർ ജോർജ് പി അബ്രഹാം അറിയപ്പെടുന്നത്. സംസ്ഥാനത്ത് ഏറ്റവും അധികം വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തിയിട്ടുള്ള ആളാണ് ജോർജ് പി എബ്രഹാം. 25 വർഷത്തിനിടയിൽ വ്യക്തിഗതമായി 2500ലധികം വൃക്ക മാറ്റിവെയ്ക്കൽ ശസ്ത്രക്രിയകൾ നടത്തിയിട്ടുണ്ട്. ജീവിച്ചിരിക്കുന്ന ദാതാവിന് ലാപ്രോസ്കോപ്പിക് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയ മൂന്നാമത്തെ ശസ്ത്രക്രിയ വിദഗ്ധനാണ്. കേരളത്തിലെ ആദ്യത്തെ കഡാവർ ട്രാൻസ്പ്രാൻ്റ്, പിസിഎൻഎൽ, ലാപ് ഡോണർ നെഫ്രെക്ടമി 3ഡി ലാപ്രോസ്കോപ്പി എന്നിവയും ഡോക്ടർ ജോർജ് പി അബ്രഹാം നടത്തിയിട്ടുണ്ട്.
