പ്രശസ്ത തെന്നിന്ത്യൻ ചലച്ചിത്രതാരം രാജേഷ് (75) അന്തരിച്ചു. ആരോഗ്യനില മോശമായതിനെ തുടർന്ന് ചെന്നൈ പോരൂരിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി ഇന്ന് രാവിലെയാണ് രാജേഷ് അന്തരിച്ചത്. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു. മലയാളത്തിലും തമിഴിലുമായി 150-ൽ ഏറെ സിനിമകളിൽ രാജേഷ് അഭിനയിച്ചിട്ടുണ്ട്.
കഴിഞ്ഞ അമ്പത് വർഷത്തിലേറെയായി സിനിമാരംഗത്തുള്ള രാജേഷ് നായകനായും സ്വഭാവനടനായും മികവ് തെളിയിച്ചിട്ടുണ്ട്. സീരിയലിലൂടെ അഭിനയരംഗത്തെത്തിയ രാജേഷ് പിന്നീട് സിനിമകളിൽ സജീവമായി . മെറി ക്രിസ്മസ് എന്ന ചിത്രത്തിലാണ് അവസാനം അഭിനയിച്ചത്.
1949 ഡിസംബർ 20 ന് മണ്ണാർഗുഡിയിൽ ജനിച്ച രാജേഷ് 1974 ൽ ബാലചന്ദർ സംവിധാനം ചെയ്ത ‘അവൾ ഒരു തുടർകഥൈ’ എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. ആ സിനിമയിൽ ഒരു ചെറിയ വേഷം ചെയ്ത രാജേഷിന് 1979-ൽ പുറത്തിറങ്ങിയ കന്നി പരുവത്തിലെ എന്ന സിനിമയിൽ നായകനാകാനുള്ള അവസരം ലഭിച്ചു.
ഭാഗ്യരാജിൻ്റെ 7 ഡേയ്സ്, കമലഹാസനൊപ്പമുള്ള സത്യ, മഹാനടി, വിരാണ്ടി തുടങ്ങി നിരവധി ചിത്രങ്ങളിൽ രാജേഷ് മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. 1983 ൽ അദ്ദേഹം ജോൺ സിൽവിയയെ വിവാഹം കഴിച്ചു. ദിവ്യ മകളും ദീപക് മകനുമാണ്.
സിനിമയ്ക്ക് പുറമേ റിയൽ എസ്റ്റേറ്റ് ബിസിനസ് ചെയ്തിരുന്ന രാജേഷ് അടുത്തിടെ ഒരു യൂട്യൂബ് ചാനലും തുടങ്ങിയിരുന്നു. ഇന്ന് പുലർച്ചെ പെട്ടെന്ന് ശ്വാസതടസ്സം അനുഭവപ്പെട്ടപ്പോൾ, രാജേഷിനെ വീട്ടുകാർ ഉടൻ തന്നെ രാമചന്ദ്ര ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ചു. എന്നാൽ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ മരണം സംഭവിക്കുകയായിരുന്നു.
