കെപിസിസി പുനഃസംഘടന നീളുന്നതിനെതിരെ രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ രൂക്ഷ വിമർശനം ഉയർന്നു. സമ്പൂർണ്ണ പുനഃസംഘടന വേണമെന്നു ഒരു വിഭാഗം നേതാക്കൾ ആവശ്യപ്പെട്ടു.KPCC reorganization delayed; Strong criticism at Political Affairs Committee meeting
പുനഃസംഘടന വിഷയത്തിൽ ആദ്യമായി വിമർശനവുമായി രംഗത്തെത്തിയത് കൊടിക്കുന്നിൽ സുരേഷ് എം.പിയായിരുന്നു. “ചർച്ചയില്ല, അഭിപ്രായം ചോദിക്കുന്നതുമില്ല,” എന്ന് അദ്ദേഹം യോഗത്തിൽ ചൂണ്ടിക്കാട്ടി. ഇതിന് പിന്നാലെ വി.ഡി. സതീശനെ ലക്ഷ്യമിട്ട് പി.ജെ. കുര്യൻ, ആന്റോ ആന്റണി, കെ. മുരളീധരൻ, ഷാനിമോൾ ഉസ്മാൻ എന്നിവർയും കടുത്ത വിമർശനവുമായി രംഗത്തെത്തി.
മാസങ്ങളോളം ദീർഘമായ ചർച്ചകളും രണ്ട് തവണ ദില്ലിയിലെ ഹൈക്കമാൻഡുമായി കൂടിക്കാഴ്ചകളും നടന്നിട്ടും പുനഃസംഘടന പൂർത്തിയായില്ല . ഡിസിസി അധ്യക്ഷന്മാരുടെ നിയമനത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ കടുംപിടുത്തം പ്രശ്നങ്ങൾ സൃഷ്ടിച്ചതായും യോഗത്തിൽ പരോക്ഷമായി ചൂണ്ടിക്കാട്ടി.
“യൂത്ത് കോൺഗ്രസ് അധ്യക്ഷനെ പോലും നിയമിക്കാൻ കഴിയാത്ത അവസ്ഥയിലാണോ പാർട്ടി?” എന്നായിരുന്നു കെ. മുരളീധരന്റെ കടുത്ത വിമർശനം. പാലോട് രവിയെ വീണ്ടും ഡിസിസി അധ്യക്ഷനാക്കണമെന്ന ആവശ്യം കൊടിക്കുന്നിൽ സുരേഷ് ഉന്നയിച്ചു.
അതേസമയം, കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് മറുപടിയായി ജനറൽ സെക്രട്ടറിമാരുടെ നിയമനം ഉടൻ നടക്കുമെന്നും ഭാഗിക പട്ടിക ഉടൻ പ്രസിദ്ധീകരിക്കുമെന്നും അറിയിച്ചു. എന്നിരുന്നാലും, ഗ്രൂപ്പിനതീതമായി മുതിർന്ന നേതാക്കൾ മുഴുവൻ സമ്പൂർണ്ണ പുനഃസംഘടന ആവശ്യപ്പെട്ട നിലപാടിലാണ്.
