മലപ്പുറം: നിലമ്പൂരിൽ 75000ന് മുകളിൽ വോട്ട് ലഭിക്കുമെന്ന് സ്വതന്ത്ര സ്ഥാനാര്‍ത്ഥി പിവി അന്‍വർ. ഇത് അമിതാത്മവിശ്വാസമല്ല യാഥാർത്ഥ്യമാണ് പറയുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ‘ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി രാഷ്ട്രീയം പറഞ്ഞില്ല. സിനിമ ഡയലോഗ് വെച്ചാണ് പ്രചാരണം നടത്തിയത്. അതിനാൽ വോട്ട് എണ്ണിക്കഴിഞ്ഞാൽ ആര്യാടന് കഥ എഴുതാൻ പോകാം. സ്വരാജിന് പാർട്ടി സെക്രട്ടറിയേറ്റിലേക്കും പോകാം. പക്ഷേ താൻ പോകുന്നത് നിയമസഭയിലേക്ക് ആയിരിക്കും. ഈ ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് ൽ നിന്ന് 25% വോട്ടും, യുഡിഎഫിൽ നിന്ന് 35 % വോട്ടും തനിക്ക് തന്നെ ലഭിക്കും’. പിവി അൻവർ പറഞ്ഞു. നിലമ്പൂരിലെ ജനങ്ങളുടെ വിഷയങ്ങൾ രണ്ട് മുന്നണികളുടെ അവഗണിക്കുകയാണ് ചെയ്തത്. അതേസമയം നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ മത്സരം നടക്കുന്നത് യുഡിഎഫും എൽഡിഎഫും തമ്മിലാണെന്ന ആര്യാടൻ ഷൗക്കത്തിന്റെ പ്രസ്താവനയക്ക് 2016 ൽ ആര്യാടൻ ഷൗക്കത്തിൻ്റെ ബൂത്തിൽ താൻ ആണ് ലീഡ് ചെയ്തതെന്ന് പിവി അൻവർ മറുപടി നൽകി. കഴിഞ്ഞ തെരഞ്ഞെടുപ്പിലും ഈ ബൂത്തിൽ ലീഡ് നേടിയതും താൻ തന്നെയാണെന്നും അതിനാൽ ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ നമുക്ക് കാണാമെന്നും പിവി അൻവർ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
നിലമ്പൂരിൽ വോട്ടെടുപ്പ് രാവിലെ ഏഴ് മണിക്ക് ആരംഭിച്ചിരുന്നു. ഉപതിരഞ്ഞെടുപ്പിൽ സ്വന്തം ബൂത്തിൽ ആദ്യവോട്ടറായി നാടക-സാമൂഹിക പ്രവര്‍ത്തക നിലമ്പൂര്‍ ആയിഷയായിരുന്നു. വൈകിട്ട് ആറു വരെയാണ് പോളിംങ് നടക്കുക. കൊട്ടിക്കലാശത്തിന്റെ ആവേശം വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് മുന്നണികൾ. 263 പോളിങ് ബൂത്തിലായി 2,32,381 വോട്ടർമാരാണ് ഇന്ന് നിലമ്പൂരിൻ്റെ വിധിയെഴുതുക. വോട്ടർമാരിൽ 1,13,613 പുരുഷന്മാരും 1,18,760 വനിതകളും എട്ട് ട്രാൻസ് ജെൻഡർമാരുമുണ്ട്.
7787 പേർ പുതിയ വോട്ടർമാരാണ്. ആദിവാസി മേഖലകൾ മാത്രം ഉൾപ്പെടുന്ന, വനത്തിനുള്ളിൽ മൂന്ന് ബൂത്തുകളാണ് സജ്ജീകരിക്കുന്നത്. 7 മേഖലകളിലായി 11 പ്രശ്ന സാധ്യതാ ബൂത്തുകളുണ്ട്. വനത്തിനുള്ള മൂന്ന് ബൂത്തുകൾ ഉൾപ്പെടെ 14 ക്രിട്ടിക്കൽ ബൂത്തുകളിൽ വൻ സുരക്ഷാ സംവിധാനമൊരുക്കും. എല്ലാ മണ്ഡലങ്ങളിലെയും വോട്ടെടുപ്പ് വെബ്കാസ്റ്റിംഗ് നടത്തും. 23നാണ് വോട്ടെണ്ണൽ.
