ഡൽഹി: മുല്ലപ്പെരിയാർ ഡാമിലെ ബേബി ഡാം ശക്തിപ്പെടുത്തുന്നതിനായുള്ള പദ്ധതിയുടെ ഭാഗമായി മരം മുറിക്കാനുള്ള തമിഴ്നാടിന്റെ അപേക്ഷ സുപ്രീം കോടതി അംഗീകരിച്ചു. ഉന്നതാധികാര സമിതിയുടെ ശുപാർശകൾ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടാണ് തമിഴ്നാട് കോടതിയെ സമീപിച്ചത്.
ഡാമിന്റെ അറ്റകുറ്റപ്പണികൾക്കായി ആവശ്യമായ മരം മുറിക്കാൻ അനുമതി നൽകുകയും, പണികൾ നടക്കുന്ന സ്ഥലത്ത് കേരളത്തിലെ ഉദ്യോഗസ്ഥന്റെ സാന്നിധ്യം നിർബന്ധമാക്കുകയും വേണമെന്ന് കോടതി വ്യക്തമാക്കി. വള്ളക്കടവ്, മുല്ലപ്പെരിയാർ വനപാതകൾ നാല് ആഴ്ചയ്ക്കുള്ളിൽ നവീകരിക്കാൻ കേരള സർക്കാർ നടപടി സ്വീകരിക്കണമെന്ന് കോടതി നിർദേശിച്ചു.
ഡോർമിറ്ററിയുടെ അറ്റകുറ്റപ്പണികൾക്കുള്ള തമിഴ്നാടിന്റെ അപേക്ഷക്കും അനുമതി നൽകിയിട്ടുണ്ട്. കൂടാതെ, ഒരു പുതിയ ബോട്ട് അനുവദിക്കുന്നതിലേക്കുള്ള ആവശ്യവും നിയമപരമായ നിയന്ത്രണങ്ങൾക്കനുസരിച്ച് പരിഗണിക്കണമെന്ന് കോടതി വ്യക്തമാക്കി.
ഡാമിന്റെ സുരക്ഷാ ഉറപ്പാക്കുന്നതിനായി ഗ്രൗട്ടിങ്ങ് ഉൾപ്പെടെയുള്ള പ്രവൃത്തികളിൽ ഉടൻ തീരുമാനമെടുക്കാൻ മേൽനോട്ട സമിതിയോട് സുപ്രീം കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട് കേരളം, തമിഴ്നാട് സംസ്ഥാനങ്ങൾ തമ്മിൽ നിലനിൽക്കുന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിൽ സുപ്രീം കോടതിയുടെ ഈ ഉത്തരവ് നിർണായകമാണ്.
