സംസ്ഥാനത്ത് കൂടുതൽ ജില്ലകളിൽ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. പത്തനംതിട്ട, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം , വയനാട് എന്നീ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. അങ്കമാലിയിൽ ഉണ്ടായ ശക്തമായ മഴയും മിന്നലിലും ഒരു മരണം റിപ്പോർട്ട് ചെയ്തു. വീട്ടമ്മയായ വിജയമ്മ വേലായുധൻ എന്ന 65 കാരിയാണ് മിന്നലേറ്റ് മരിച്ചത്.
24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. കേരള തീരത്ത് ഇന്നും (12/03/2025) ലക്ഷദ്വീപ് പ്രദേശത്ത് ഇന്നും നാളെയും (12/03/2025 & 13/03/2025) മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കർണാടക തീരത്ത് ഇന്ന് (12/03/2025) മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
മാലിദ്വീപ് പ്രദേശം, കന്യാകുമാരി തീരം, ഗൾഫ് ഓഫ് മന്നാർ, തെക്കൻ തമിഴ്നാട് തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയെന്നും കലാവസ്ഥ വകുപ്പ് അറിയിച്ചു. 13/03/2025 ന് മാലിദ്വീപ് പ്രദേശം അതിനോട് ചേർന്ന തെക്ക് – കിഴക്കൻ അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയെന്നും കലാവസ്ഥ വകുപ്പ് അറിയിച്ചു.
