തിരുവനന്തപുരത്തെ വിജയം കേരള രാഷ്ട്രീയത്തിലെ നിർണായക വഴിത്തിരിവാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി–എൻഡിഎ സഖ്യത്തിന് ലഭിച്ച വിജയം സംസ്ഥാനത്തിന്റെ വികസന അഭിലാഷങ്ങളെ പ്രതിഫലിപ്പിക്കുന്നതാണെന്നും, അവ നിറവേറ്റാൻ ബിജെപിക്കേ കഴിയൂ എന്ന വിശ്വാസം ജനങ്ങളിൽ ശക്തമാണെന്നും പ്രധാനമന്ത്രി എക്സിൽ കുറിച്ചു.BJP’s victory is a defining moment in Kerala politics: PM
ഈ ഊർജ്ജസ്വല നഗരത്തിന്റെ വളർച്ചയ്ക്കായി ബിജെപി തുടർച്ചയായി പ്രവർത്തിക്കുമെന്നും, ജനങ്ങളുടെ ജീവിതസൗഖ്യം ഉയർത്താൻ എല്ലാ ശ്രമങ്ങളും നടത്തുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം കോർപ്പറേഷനിൽ മികച്ച വിജയം ഉറപ്പാക്കിയ, ജനങ്ങളോടൊപ്പം നിലകൊണ്ട് പ്രവർത്തിച്ച എല്ലാ കഠിനാധ്വാനികളായ ബിജെപി പ്രവർത്തകർക്കും പ്രധാനമന്ത്രി നന്ദി അറിയിച്ചു.
ഫലം യാഥാർത്ഥ്യമാക്കാൻ അടിത്തട്ടിൽ നിന്ന് പ്രവർത്തിച്ച പ്രവർത്തകരുടെയും, കേരളത്തിൽ തലമുറകളായി തുടരുന്ന പരിശ്രമങ്ങളുടെയും പോരാട്ടങ്ങളുടെയും പ്രാധാന്യം ഓർക്കേണ്ട ദിവസമാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രവർത്തകരാണ് പാർട്ടിയുടെ ശക്തിയെന്നും, അവരിൽ അഭിമാനമുണ്ടെന്നും മോദി പറഞ്ഞു.
തിരഞ്ഞെടുപ്പിൽ ബിജെപി–എൻഡിഎ സ്ഥാനാർത്ഥികൾക്ക് വോട്ട് ചെയ്ത കേരളത്തിലുടനീളമുള്ള ജനങ്ങൾക്കും അദ്ദേഹം നന്ദി അറിയിച്ചു. യുഡിഎഫിനെയും എൽഡിഎഫിനെയും കൊണ്ട് കേരളം മടുത്തുവെന്നും, നല്ല ഭരണം ഉറപ്പാക്കാനും എല്ലാവർക്കും അവസരങ്ങളുള്ള ഒരു വികസിത കേരളം കെട്ടിപ്പടുക്കാനും കഴിയുന്ന ഒരേയൊരു ഓപ്ഷനായി എൻഡിഎയെ ജനങ്ങൾ കാണുന്നുവെന്നും പ്രധാനമന്ത്രി കുറിച്ചു.
