തിരുവനന്തപുരം: കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട് രാജ്ഭവൻ പുറത്തിറക്കിയ വിജ്ഞാപനത്തിനെതിരെ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു ശക്തമായ പ്രതികരണവുമായി രംഗത്തെത്തി. വിജ്ഞാപനം പുറത്തിറക്കിയ നടപടി നിയമപരമല്ലെന്നും ഇതിനെതിരെ സർക്കാർ നിയമനടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.Government-Raj Bhavan dispute intensifies over Calicut VC appointment
സർക്കാരിന്റെ അധികാരപരിധിയിൽ രാജ്ഭവൻ ഇടപെട്ടതായും, ഫെഡറലിസത്തിന്റെ അടിസ്ഥാന തത്വങ്ങൾ ലംഘിക്കുന്ന നടപടിയാണ് ഇത് എന്നുമാണ് ആർ. ബിന്ദുവിന്റെ ആരോപണം. വിഷയത്തിൽ സർക്കാർ കോടതിയെ സമീപിക്കുമെന്നും അവർ അറിയിച്ചു.
വിസി നിയമനവുമായി ബന്ധപ്പെട്ട് ചില കാലത്തേക്ക് ശമനം വന്നിരുന്ന സർക്കാരും ഗവർണറും തമ്മിലുള്ള തർക്കം ഇതോടെ വീണ്ടും രൂക്ഷമായി. സെർച്ച് കമ്മിറ്റിയിൽ നിന്നു തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട പ്രൊഫസർ എ. സാബുവിന്റെ അപേക്ഷ രാജ്ഭവൻ തള്ളിയിരുന്നു. സർവകലാശാലാ സെനറ്റ് തന്നെയാണ് പ്രതിനിധിയെ നാമനിർദ്ദേശം ചെയ്തതെന്നും മാറ്റം വരുത്തേണ്ടതെങ്കിൽ സെനറ്റ് തന്നെയാകണമെന്നുമാണ് രാജ്ഭവന്റെ നിലപാട്.
കഴിഞ്ഞ 31ന് ഗവർണർ സെർച്ച് കമ്മിറ്റി രൂപീകരിച്ച ഉത്തരവാണ് പുറപ്പെടുവിച്ചത്. രണ്ടുവർഷത്തോളമായി കാലിക്കറ്റ് സർവകലാശാലയിൽ വൈസ് ചാൻസലർ നിയമനം നടന്നിട്ടില്ല.
അതേസമയം, കഴിഞ്ഞ ദിവസം രാജ്ഭവൻ സ്വതന്ത്രമായി വിസി നിയമനത്തിനായി അപേക്ഷകൾ ക്ഷണിച്ചു. ഡിസംബർ 5ന് വൈകിട്ട് അഞ്ച് മണിക്കകം അപേക്ഷകൾ സമർപ്പിക്കണമെന്ന് വിജ്ഞാപനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. പത്ത് വർഷം പ്രൊഫസർ സ്ഥാനത്ത് സേവന പരിചയമുള്ളവർക്ക് അപേക്ഷിക്കാനാവും.
