കൊച്ചി: സെൻസർ ബോർഡ് തടഞ്ഞുവെച്ച മലയാള സിനിമ ‘ഹാൽ’ സംബന്ധിച്ച വിവാദത്തിൽ നിർണായക നീക്കവുമായി കേരള ഹൈക്കോടതി. ചിത്രത്തിന് സെൻസർ സർട്ടിഫിക്കറ്റ് നിഷേധിച്ചതിനെതിരെ നിർമ്മാതാക്കൾ നൽകിയ ഹർജിയിൽ കോടതി നേരിട്ട് സിനിമ കാണാനാണ് തീരുമാനിച്ചത്.Hal movie controversy; High Court intervenes in censorship hurdles
ജസ്റ്റിസ് വി.ജി. അരുൺ അധ്യക്ഷനായ ബെഞ്ച് ഈ ശനിയാഴ്ച വൈകിട്ട് ഏഴ് മണിക്ക് കാക്കനാട്ടെ ഒരു സ്റ്റുഡിയോയിൽ എത്തി ചിത്രം കാണും. കേസിലെ എല്ലാ കക്ഷികളുടെയും പ്രതിനിധികൾ കോടതിയോടൊപ്പം പ്രദർശനത്തിൽ പങ്കെടുക്കും. സെൻസർ ബോർഡിന്റെയും കത്തോലിക്ക കോൺഗ്രസ്സിന്റെയും പ്രതിനിധികൾക്കും സിനിമ കാണാനുള്ള അനുമതി നൽകിയിട്ടുണ്ട്. ചിത്രം കണ്ടശേഷം മാത്രമേ തുടർനടപടികൾക്കായി കോടതി അന്തിമ വിധി പുറപ്പെടുവിക്കൂ എന്നും വ്യക്തമാക്കി.
സെൻസർ ബോർഡ് സിനിമയ്ക്ക് സർട്ടിഫിക്കറ്റ് നൽകാതിരുന്നതിന്റെ പ്രധാന കാരണം 19 കട്ടുകളാണ്. ‘ധ്വജപ്രണാമം’, ‘സംഘം കാവലുണ്ട്’ എന്നീ സംഭാഷണങ്ങൾ ഉൾപ്പെടെ ചില രംഗങ്ങൾ നീക്കണമെന്ന് ബോർഡ് നിർദേശിച്ചിരുന്നു. കൂടാതെ ബീഫ് ബിരിയാണി കഴിക്കുന്ന ദൃശ്യവും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
ഈ തീരുമാനത്തിനെതിരെ നിർമ്മാതാക്കളായ ജെ.വി.ജെ. പ്രൊഡക്ഷൻസ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. നവാഗതനായ വീരയുടെ സംവിധാനത്തിൽ ഷെയ്ൻ നിഗം പ്രധാനവേഷത്തിൽ എത്തുന്ന ഈ ചിത്രം അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും വലിയ ബജറ്റിലുള്ള ചിത്രങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്നു. സാക്ഷി വൈദ്യ നായികയായെത്തുമ്പോൾ ജോണി ആന്റണി, വിനീത് ബീപ്കുമാർ, കെ. മധുപാൽ, ജോയ് മാത്യു, സുരേഷ് കൃഷ്ണ തുടങ്ങി നിരവധി താരങ്ങൾ പ്രധാന വേഷങ്ങളിലുണ്ട്.
മലയാളം, ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ എന്നീ അഞ്ചു ഭാഷകളിലായി ഒരേ സമയം റിലീസ് ചെയ്യാനായിരുന്നു ആദ്യം പദ്ധതിയിട്ടിരുന്നത്. സെപ്റ്റംബർ 12ന് റിലീസ് ചെയ്യാനിരുന്നതെങ്കിലും സെൻസർ പ്രശ്നങ്ങൾ മൂലം അത് മാറ്റിവെക്കുകയായിരുന്നു. ചിത്രം ഒരു
കളർഫുൾ എന്റർടെയിനർ എന്ന നിലയിലാണ് പ്രേക്ഷകരെ സമീപിക്കാൻ ഒരുങ്ങുന്നത്.
