തിരുവനന്തപുരം: കാസർകോട് കുണ്ടംകുഴി ജിഎച്ച്എസ്എസിലെ പത്താം ക്ലാസ് വിദ്യാർത്ഥിയുടെ കർണപുടം അധ്യാപകൻ അടിച്ചു തകർത്തെന്ന പരാതിയിൽ അന്വേഷണം നടത്താൻ വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി ഉത്തരവിട്ടു. കേസിൽ കാസർകോട് ഡെപ്യൂട്ടി ഡയറക്ടർ അന്വേഷണം നടത്തുമെന്ന് മന്ത്രി വ്യക്തമാക്കി. വിദ്യാർത്ഥികളുടെ പിഴവുകൾ നിയമപരമായ നടപടികളിലൂടെ മാത്രമേ പരിഗണിക്കാവൂ, ഒരു കാരണവശാലും കുട്ടികളെ ഉപദ്രവിക്കാനാവില്ലെന്നും മന്ത്രി വ്യക്തമാക്കി.Student’s eardrum ruptured after being beaten by teacher
സംഭവത്തിൽ ബാലവകാശ കമ്മിഷനും സ്വമേധയ കേസെടുത്തിട്ടുണ്ട്. ഈ മാസം 11-ന് സ്കൂൾ അസംബ്ലിക്കിടെ, മറ്റ് കുട്ടികളോടൊപ്പം നിരയിൽ നിന്ന വിദ്യാർത്ഥി “വികൃതി കാട്ടിയതായി” ആരോപിച്ച് ഹെഡ്മാസ്റ്റർ എം. അശോകൻ മുഖത്ത് അടിക്കുകയും കോളറിൽ പിടിച്ച് വലിച്ചിഴക്കുകയും ചെയ്തുവെന്ന് മാതാപിതാക്കൾ പറയുന്നു. വിദ്യാർത്ഥി പറയുന്നതനുസരിച്ച്, അസംബ്ലിയിൽ നിന്നിരുന്നപ്പോൾ മുന്നിൽ ചെളി കണ്ടതിനാൽ അത് നീക്കാൻ ശ്രമിക്കുമ്പോഴാണ് അധ്യാപകൻ മർദ്ദിച്ചത്.
മർദ്ദനത്തെ തുടർന്ന് കുട്ടിക്ക് ചെവിയിൽ കടുത്ത വേദന അനുഭവപ്പെട്ടതിനാൽ ആദ്യം ബേഡകം താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. ഡോക്ടർമാർ വിദഗ്ധ ചികിത്സ വേണമെന്ന് നിർദേശിച്ചതിനെ തുടർന്ന് കാസർകോട് സ്വകാര്യ ആശുപത്രിയിലെ ഇ.എൻ.ടി. വിദഗ്ധനെ കാണിച്ചു. പരിശോധനയിൽ വലതു ചെവിക്ക് കേൾവി കുറവുണ്ടെന്നും കർണപുടം പൊട്ടിയിട്ടുണ്ടെന്നും കണ്ടെത്തി. അടിയന്തര ശസ്ത്രക്രിയ ആവശ്യമാണ് എന്നും ഡോക്ടർമാർ വ്യക്തമാക്കി.
സംഭവത്തിന് പിന്നാലെ, പിടിഎ കമ്മിറ്റി അംഗങ്ങളോടൊപ്പം അധ്യാപകൻ ഒത്തുതീർപ്പ് ചർച്ചയ്ക്ക് എത്തിയിരുന്നുവെന്നും, തെറ്റ് പറ്റിയതായി സമ്മതിച്ചതായും കുട്ടിയുടെ മാതാപിതാക്കൾ ആരോപിച്ചു.
