മലപ്പുറം: നിലമ്പൂരിൽ വോട്ടെടുപ്പ് ആരംഭിച്ചു. നേരത്തെ ആറ് മണിയോടെ വിവിധ ബൂത്തുകളിൽ മോക്ക് പോൾ നടന്നിരുന്നു. രാവിലെ ഏഴു മുതൽ വൈകിട്ട് ആറു വരെയാണ് പോളിംഗ്. കൊട്ടിക്കലാശത്തിന്റെ ആവേശം വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് മുന്നണികൾ. 263 പോളിങ് ബൂത്തിലായി 2,32,381 വോട്ടർമാരാണ് ഇന്ന് നിലമ്പൂരിൻ്റെ വിധിയെഴുതുക. വോട്ടർമാരിൽ 1,13,613 പുരുഷന്മാരും 1,18,760 വനിതകളും എട്ട് ട്രാൻസ് ജെൻഡർമാരുമുണ്ട്. 7787 പേർ പുതിയ വോട്ടർമാരാണ്. ആദിവാസി മേഖലകൾ മാത്രം ഉൾപ്പെടുന്ന, വനത്തിനുള്ളിൽ മൂന്ന് ബൂത്തുകളാണ് സജ്ജീകരിക്കുന്നത്. 7 മേഖലകളിലായി 11 പ്രശ്ന സാധ്യതാ ബൂത്തുകളുണ്ട്. വനത്തിനുള്ള മൂന്ന് ബൂത്തുകൾ ഉൾപ്പെടെ 14 ക്രിട്ടിക്കൽ ബൂത്തുകളിൽ വൻ സുരക്ഷാ സംവിധാനമൊരുക്കും. എല്ലാ മണ്ഡലങ്ങളിലെയും വോട്ടെടുപ്പ് വെബ്കാസ്റ്റിംഗ് നടത്തും. 23നാണ് വോട്ടെണ്ണൽ.
2026 നിയമഭാ തിരഞ്ഞെടുപ്പിൻ്റെ സെമിഫൈനൽ എന്ന നിലയിലാണ് നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് വിലയിരുത്തപ്പെടുന്നത്. ഇടതുമുന്നണി സ്ഥാനാർത്ഥി സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജിനെ മത്സരരംഗത്ത് ഇറക്കിയതോടെയാണ് നിലമ്പൂരിൽ മത്സരം പ്രവചനാതീതമായ സ്വഭാവത്തിലേയ്ക്ക് മാറിയത്. ആദ്യഘട്ടത്തിൽ യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചിരുന്ന പി വി അൻവർ അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് മത്സരിക്കാൻ ഇറങ്ങിയതോടെ നിലമ്പൂരിലെ ഉപതിരഞ്ഞെടുപ്പ് പോരാട്ടം കൂടുതൽ ആവേശകരമായി. നിലമ്പൂരിൽ മത്സരിച്ചേക്കില്ലെന്ന ആദ്യഘട്ടത്തിൽ സൂചന നൽകിയ ബിജെപി കൂടി മത്സരരംഗത്തേയ്ക്ക് വന്നതോടെ ചതുഷ്കോണ മത്സരത്തിന്റെ പ്രതീതി കൂടി നിലമ്പൂരിൽ സൃഷ്ടിക്കപ്പെട്ടിരുന്നു.
ഏതാണ്ട് മൂന്ന് പതിറ്റാണ്ടിലേറെ നിലമ്പൂരിനെ നിയമസഭയിൽ പ്രതിനിധീകരിച്ചിരുന്ന ആര്യാടൻ മുഹമ്മദിൻ്റെ മകൻ ആര്യാടൻ ഷൗക്കത്തിനെ തന്നെ യുഡിഎഫ് രംഗത്തിറക്കിയത് മണ്ഡലം പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു. ഡിസിസി പ്രസിഡൻ്റ് വി എസ് ജോയിയെ സ്ഥാനാർത്ഥിയാക്കണം എന്ന പി വി അൻവറിന്റെ സമ്മർദ്ദത്തെ അവഗണിച്ചായിരുന്നു യുഡിഎഫ് ആര്യാടൻ ഷൗക്കത്തിനെ സ്ഥാനാർത്ഥിയാക്കിയത്. ക്രിസ്ത്യൻ വോട്ടുകൾ ലക്ഷ്യമിട്ട് ബിജെപി മുൻ കേരള കോൺഗ്രസ് നേതാവ് അഡ്വ. മോഹൻ ജോർജ്ജിനെയാണ് രംഗത്തിറക്കിയത്. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ 10 പേരാണ് മത്സരരംഗത്തുള്ളത്. 14 പേരായിരുന്നു തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ പത്രിക സമർപ്പിച്ചത്. ഇതിൽ സ്വതന്ത്രസ്ഥാനാർത്ഥിയായി മത്സരിക്കുന്ന പി വി അൻവറിൻ്റെ അപരനുൾപ്പടെയുള്ള നാല് പേർ പത്രിക പിൻവലിച്ചിരുന്നു.
