
ശ്രീപ്രിയ ഷാജി
കടത്തനാടന്‍ കളരിയിലെ ആണ്‍പ്രജകള്‍ ചുരിക വീശിയടിക്കുന്നു. സ്ത്രീകള്‍ അഭിമാനത്തോടെ തങ്ങളുടെ പുരുഷന്റെ മെയ്വഴക്കം നോക്കി നില്ക്കുന്നു. പഴയ കളരി സിനിമകളിലെ സീനുകളില്‍ വ്യത്യാസം വന്നത് ഉണ്ണിയാര്‍ച്ചയുടെ വീരേതിഹാസ കഥകളിലൂടെയായിരുന്നു. ഒരുകാലത്തെ സ്ത്രീകളുടെ വീരസ്യം പറച്ചിലുകളില്‍ ഉണ്ണിയാര്‍ച്ചയുടെ ധീരതയുടെ കഥകള്‍ ഇല്ലാതെ പോയിട്ടില്ല. പക്ഷെ വിവാഹം കഴിഞ്ഞതോടെ കുഞ്ഞിരാമന്റെ നിഴലായി സ്വയം ഒതുങ്ങിപ്പോയ സ്ത്രീയായി തോന്നും പലപ്പോഴും ഉണ്ണിയാര്‍ച്ചയുടെ വായന. ഭര്‍ത്താവിന്റെ നിസ്സംഗതയ്ക്കു മുകളില്‍ അവള് കൊടി പാറിക്കുന്നത് വെട്ടിയ ചതിയന്‍ ചന്തുവിന്റെ ശിരസ്സിലെ രക്തത്തില്‍ നിന്ന് മാത്രമാണെന്നും തോന്നിയിട്ടുണ്ട്. പക്ഷെ വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു ഉണ്ണിയാര്‍ച്ച പുനര്‍ജ്ജനിക്കുമ്പോള്‍ പുതിയ തലമുറയ്ക്ക് കളരി എന്ന അഭ്യാസം എത്രത്തോളം ആവശ്യമാണെന്ന് ചിന്തിക്കേണ്ടതുണ്ട് . മീനാക്ഷിയമ്മ വെറും ഉണ്ണിയാര്ച്ചയല്ല, പത്മശ്രീ മീനാക്ഷിയമ്മയാണിപ്പോള്. വിവാഹ ശേഷം ഒരു കളരിയുടെ പിന്മുറക്കാരിയായി തീരുകയായിരുന്നു മീനാക്ഷിയമ്മ.

നൃത്തത്തില്‍നിന്ന് കളരിയിലേക്ക്
കായികവിദ്യാഭ്യാസം നിര്‍ബന്ധമുള്ള കാലഘട്ടത്തിലാണ് മീനാക്ഷിയമ്മയുടെ ജനനം. ഈ പ്രദേശത്തെ ആളുകളൊക്കെ അന്ന് നിര്‍ബന്ധമായും കളരിയില്‍ പോകും. മിക്ക വലിയ തറവാടുകള്‍ക്കും സ്വന്തമായി കളരിയുണ്ട്. ചുറ്റുവട്ടത്തുള്ള വീട്ടുകാര്‍ ചികിത്സയ്ക്കും പഠനത്തിനുമായി ഈ കളരികളെയാണ് ആശ്രയിക്കുക. ഏഴു വയസ്സാകുമ്പോഴേക്കും കുട്ടികളെ ആണ്‍പെണ്‍ വ്യത്യാസമില്ലാതെ കളരിയില്‍ പറഞ്ഞയയ്ക്കും. പക്ഷേ, പതിമൂന്നു വയസ്സുവരെയൊക്കെയേ പെണ്‍കുട്ടികള്‍ കളരിയില്‍ വരൂ. ഋതുമതികളായാല്‍ പിന്നെ അവരെ കളരിയിലേക്ക് വിടില്ല. കളരിയും അഭ്യാസവുമൊക്കെ നിര്‍ത്തി വീട്ടില്‍ ഇരുന്നുകൊള്ളണം. അനുവാദം കിട്ടിയവര്‍തന്നെ, പഠനത്തിനായി ദൂരേക്ക് പോകേണ്ടി വരുമ്പോഴും കല്യാണം കഴിയുമ്പോഴുമെല്ലാം കളരി ഉപേക്ഷിക്കും.
നന്നായി നൃത്തം ചെയ്യുന്ന മീനാക്ഷിയെ മെയ് വഴക്കത്തിനായാണ് അച്ഛന് കളരിയില്‍ ചേര്‍ക്കുന്നത്. പ്രദേശത്തെ മികച്ച കളരിയായിരുന്നു രാഘവന് ഗുരുക്കളുടേത്. പോരാത്തതിന് വീടിന് അടുത്തും. വലിയ ഗൗരവക്കാരനായിരുന്നു ഗുരുക്കള്‍. ഗുരുക്കളുടെ കീഴില്‍ കളരിയും മറുവശത്ത് നൃത്തവുമായി മീനാക്ഷി വളര്‍ന്നു. ഒടുവില്‍ രണ്ടും ഒന്നിച്ച് മുന്നോട്ടു കൊണ്ടുപോകാനാവാതെ വന്നതോടെ ഒന്നുപേക്ഷിച്ചേ മതിയാകൂ എന്ന അവസ്ഥ വന്നു. ഏതു വേണ്ടന്നു വെയ്ക്കണം എന്ന കാര്യത്തില്‍ അല്പംപോലും സംശയമുണ്ടായിരുന്നില്ല. നൃത്തം ഉപേക്ഷിച്ചു. കളരിയെ നെഞ്ചോട് ചേര്‍ത്തു പിടിച്ചു മുന്നോട്ടുപോയി. ജീവിതത്തിന് വലിയൊരു ട്വിസ്റ്റ് നല്‍കിക്കൊണ്ട് പതിനാറാം വയസ്സില്‍ രാഘവന് ഗുരുക്കളെത്തന്നെ വിവാഹവും ചെയ്തു. കഥ ഇവിടെയെത്തുമ്പോള്‍ അല്‍പ്പം കുസൃതിയോടെ നമ്മള് നെറ്റി ചുളിച്ചാല്‍ ചെറുചിരിയോടെ അടിവരയിട്ട് മീനാക്ഷിയമ്മ പറയും- ഞങ്ങളുടേത് പ്രണയവിവാഹമൊന്നും അല്ല കേട്ടോ എന്ന്.

ഒറ്റ രാത്രികൊണ്ട് കെട്ടിയ കളരി
മീനാക്ഷിയമ്മയുടെ കടത്തനാടന്‍ കളരി സംഘത്തിന്റെ അത്രയും പഴക്കമുള്ള കളരികള്‍ കേരളത്തില്‍ വളരെ ചുരുക്കമാണ്. 1949 ലാണ് ഈ കളരി തുടങ്ങുന്നത്.. പഠനം മുഴുവന്‍ ഒറ്റ രൂപ പോലും ഫീസ് വാങ്ങാതെയാണ്. അതിനും കാരണമുണ്ട്. ഉയര്‍ന്ന ജാതിക്കാരുടെ കളരിയില്‍ പണ്ട് താഴ്ന്ന ജാതിക്കാരെ കയറ്റുമായിരുന്നില്ല. തീയ്യ സമുദായാംഗമായ രാഘവന് ഗുരുക്കള്‍ക്കും അത്തരമൊരു അനുഭവം നേരിടേണ്ടി വന്നു. ഇതിന്റെ വാശിയില്‍ ഗുരുക്കളും അനുജനും കൂടി ഒറ്റ രാത്രികൊണ്ട് ഉണ്ടാക്കിയതാണ് ഈ കളരി. അക്കാലത്ത് സവര്‍ണമേധാവിത്വത്തിന്റെ മുഖത്തേറ്റ കനത്ത അടിയായിരുന്നു അത്. ജാതിയോ മതമോ നോക്കാതെ, അണപൈസ പ്രതിഫലം വാങ്ങാതെ വരുന്നവരെയെല്ലാം കളരി അഭ്യസിപ്പിക്കുന്ന കേന്ദ്രമായിരുന്നു ഗുരുക്കളുടെ സ്വപ്നം. അദ്ദേഹം തുടങ്ങിവെച്ച പതിവ് ഇന്നും കളരിയില്‍ തെറ്റിക്കുന്നില്ല.
കളരി
ആറടി താഴ്ചയും 64 അടി നീളവും 32 അടി വീതിയുമുള്ള വലിയ കുഴിക്കളരിയാണ് ഇവിടുത്തേത്. ശരീരത്തിന്റെ താപനില നിയന്ത്രിക്കാനും മേല്‍മണ്ണ് തട്ടി ചൊറി, ചിരങ്ങ് എന്നിവയൊന്നും ഉണ്ടാകാതിരിക്കാനുമാണ് കുഴിക്കളരി ഉണ്ടാക്കുന്നത്. പണ്ട് മണ്ണായിരുന്ന കളരിയുടെ തിണ്ട ഇപ്പോള്‍ കല്ലുകൊണ്ട് പുതുക്കിക്കെട്ടി. മേല്‍ക്കൂരയിലെ ഓല മാറ്റി ഓട് മേഞ്ഞു. മുന്‍വശം ഒരു ചെറിയ വരാന്ത ഉണ്ടാക്കി. ബാക്കിയെല്ലാം പഴയ കളരിതന്നെ. വടക്കന്‍ സമ്പ്രദായത്തിലാണ് പഠനം. വായ്ത്താരി, കോല്‍ത്താരി, അങ്കത്താരി, വെറുംകൈ എന്നീ നാലു ഘട്ടങ്ങള്‍ കഴിയുന്നതോടെ പഠനം ഏകദേശം പൂര്‍ത്തിയാകും.
ഗുരുനാഥന്റെ വായകൊണ്ടുള്ള നിര്‍ദേശം അനുസരിച്ച് കുട്ടികള്‍ ചെയ്യുന്ന അടിസ്ഥാനവ്യായാമമുറകളാണ് വായ്ത്താരി. ഇതിന്റെ വിഭാഗമായ കൈകുത്തിപ്പയറ്റ് ധാരാളം ഊര്‍ജം സ്റ്റോറുചെയ്യാന് സഹായിക്കും. എനര്‍ജി റീചാര്‍ജിങ് എന്നു വേണമെങ്കില്‍ പറയാം. ശരീരം വളയാനും ഉയര്‍ന്നു ചാടാനും മെയ് വഴക്കമുണ്ടാകാനുമൊക്കെയുള്ളതാണ് മെയ്യെറക്കം. ശരീരത്തിന്റെ സന്തുലനാവസ്ഥ നിലനിര്‍ത്താന്‍ പകര്ച്ചക്കാല് സഹായിക്കും.
ഒറ്റക്കാലില്‍ നിന്നുകൊണ്ടുള്ള പയറ്റാണിത്. ഇവയെല്ലാം വായ്ത്താരിയുടെ ഭാഗമായി വരും. ഇതെല്ലാം ഉറച്ചുകഴിഞ്ഞാല്‍ വിദ്യാര്‍ഥി അടുത്ത ഘട്ടത്തിലേക്കു കടക്കും. വടികൊണ്ടുള്ള പ്രയോഗമായ കോല്‍ത്താരി, ലോഹായുധങ്ങള്കൊണ്ടുള്ള അങ്കത്താരി, നിരായുധനായി നിന്നുകൊണ്ടുള്ള വെറുംകൈ പയറ്റ് എന്നിവ ഘട്ടങ്ങളായി പഠിപ്പിക്കും. ഇതിനെല്ലാം ശേഷമാണ് മര്‍മശാസ്ത്രം പഠിക്കുക. മെയ് വഴക്കമുള്ള ആളുകള്‍ക്ക് ഒരുകൊല്ലംകൊണ്ട് കളരി പഠിച്ചെടുക്കാനാകും. പണ്ടൊക്കെ 10-13 കൊല്ലം കൊണ്ടൊക്കെയാണ് ഒരാള്‍ പൂര്‍ണമായും കളരി അഭ്യസിച്ച് തീരുക.
പെണ്‍കുട്ടികള്‍ കളരി നിര്‍ബന്ധമായും പഠിക്കണമെന്നതാണ് ഇപ്പോള്‍ എവിടെപ്പോയാലും മീനാക്ഷിയമ്മയുടെ പ്രധാന ഉപദേശം. കാലം വല്ലാത്തതാണ്. ധൈര്യത്തോടെ പുറത്തിറങ്ങി നടക്കാനോ ആരെയും വിശ്വസിക്കാനോ പറ്റാത്ത അവസ്ഥ. കളരി അഭ്യസിക്കുന്നതിലൂടെ കുട്ടികള്‍ക്ക് നല്ല മനോധൈര്യം ഉണ്ടാകും. കളരിയിലെ പെണ്കുട്ടികളൊക്കെ രാത്രി ഒറ്റയ്ക്കാണ് വരികയും പോവുകയും ചെയ്യുക. അവര്‍ക്ക് ഒരു പേടിയും ഇല്ല. കളരിയില്‍ വന്നുതുടങ്ങിയതോടെ ധൈര്യം കൂടിയെന്ന് അവര്‍ പറയും. ആത്മവിശ്വാസം വര്‍ധിക്കുന്ന ആയോധനകല കൂടിയാണ് കളരി. കളരിയില്‍ ഒഴിഞ്ഞുമാറാനുള്ള ഒട്ടേറെ അടവുകളുണ്ട്.
പെട്ടെന്നുണ്ടാകുന്ന ആക്രമങ്ങളെ പതറാതെ, സമചിത്തതയോടെ നേരിടാന്‍ കളരി സഹായിക്കുമെന്ന് മീനാക്ഷിയമ്മ പറയുന്നു. കളരി അഭ്യസിക്കുന്ന സ്ത്രീകള്‍ക്ക് പ്രസവ സംബന്ധമായ ബുദ്ധിമുട്ടുകള്‍, ആര്‍ത്തവ ക്രമക്കേടുകള്‍ എന്നിവയും ഉണ്ടാകാറില്ല. കളരിയിലെ ഉഴിച്ചിലുകളൊക്കെയാണ് ഇതിന് സഹായിക്കുക. രോഗപ്രതിരോധശേഷി കൂടുന്നതിനാല്‍ മറ്റസുഖങ്ങളും കുറവായിരിക്കും. ജലദോഷം വരാതിരിക്കാനും രോഗപ്രതിരോധശേഷി വര്‍ധിക്കാനും ദിവസവും കളരി കഴിയുമ്പോള്‍ത്തന്നെ കുരുമുളക് വെള്ളം കുടിക്കാന്‍ നല്‍കാറുമുണ്ട്.
കളരി കുടുംബം
ഏഴാമത്തെ വയസ്സില്‍ പടികടന്നെത്തിയതു മുതല്‍ ഇന്നുവരെ കളരിയില്‍ മീനാക്ഷിയമ്മ സജീവമാണ്. മീനാക്ഷിയമ്മയ്ക്കും രാഘവന് രുരുക്കള്ക്കും നാലുമക്കള്‍- സജീവ്കുമാര്‍, പ്രദീപ്കുമാര്‍, ചന്ദ്രപ്രഭ, റൂബി. ഇവരെ പ്രസവിക്കുന്ന സമയത്താണ് കളരിയില്‍നിന്ന് അല്പമൊന്ന് മാറിനിന്നിട്ടുള്ളത്. നാലു മക്കള്‍ക്കുമായി ആകെ എട്ടുപേരക്കുട്ടികള്. മക്കളെല്ലാവരും കളരി പഠിച്ചതാണ്. പേരമക്കളും പഠിക്കുന്നുണ്ട്. ഇപ്പോഴും രാവിലെ അഞ്ചിന് മീനാക്ഷിയമ്മയുണരും, ഒപ്പം കളരിയും. രാവിലെ പത്തുമണി വരെ കളരിയിലാണ്. വെയില് കനത്താല്‍ കളരി അടച്ച് വീട്ടിലെത്തും. വീട്ടുകാര്യങ്ങളെല്ലാം നോക്കിയശേഷം വൈകിട്ട് നാലരയാകുമ്പോഴേക്കും വീണ്ടും കളരിയിലേക്ക്. രാത്രി ഒമ്പതു വരെ പിന്നെ അവിടെയാണ്. ‘ചിട്ടയോടെയുള്ള ഈ ജീവിതമാകും എണ്‍പത്തിമൂന്നിലും പതിനേഴിന്റെ ചെറുപ്പത്തിനു കാരണമല്ലേ’ എന്നു ചോദിച്ചാല്‍ മീനാക്ഷിയമ്മ ചിരിക്കും. മലബാറിന്റെ നിഷ്കളങ്കത നിറഞ്ഞ വശ്യമായ ചിരിയില്‍ പ്രായം മാഞ്ഞുപോകും.
പത്മശ്രീ
2017ലെ വര്‍ഷത്തെ പത്മശ്രീ കേരളത്തിലെത്തിയപ്പോള്‍ അതില്‍ മീനാക്ഷിയമ്മയുമുണ്ടായിരുന്നു. കടത്തനാടന്‍ കളരി സംഘത്തില്‍ മീനാക്ഷിയമ്മ ചുവടുറപ്പിച്ച് തുടങ്ങിയത് ഏഴാമത്തെ വയസ്സമുതലാണ്. മക്കളും കൊച്ചുമക്കളുമായി ഇന്ന് വയസ്സ് എണ്‍പത്തിമൂന്ന് കഴിഞ്ഞിട്ടും ആ മെയ്വഴക്കത്തിനും ചുവടിനും ഇന്നും ഏഴാം വയസിന്റെ ആവേശവും ഊര്‍ജവുമുണ്ട്. ഒടുവില്‍ രാജ്യം പത്മശ്രീ നല്കി ആദരിക്കുമ്പോഴും മീനാക്ഷിയമ്മ തന്റെ ശിഷ്യ ഗണങ്ങളുടെ ചുവടുകള്‍ പരിശോധിക്കുന്ന തിരക്കിലാണ്. പ്രായം പലതിനും തടസമാകുന്നുവെന്ന് പരാതിപ്പെടുന്നവരോട് മീനാക്ഷിയമ്മയ്ക്ക് പറയാനുള്ളത് 83 വയസ്സിന് ശേഷവും ഉയര്‍ന്ന് ചാടി വെട്ടുന്ന തന്റെ കളരി ജീവിതം തന്നെയാണ്.
പലപ്പോഴും ഒറ്റയ്ക്കു സഞ്ചരിക്കുന്ന സ്ത്രീകള്‍ നിരത്തുകളിലും തെരുവുകളിലും പലപ്പോഴും അതിക്രൂരമായ പീഡനങ്ങള്‍ക്ക് വിധേയരാക്കപ്പെടുന്നു. അതു ശരീരം കൊണ്ടോ കാഴ്ച കൊണ്ടോ മനസ്സ് കൊണ്ടോ ഒക്കെ ആകാം. പലപ്പോഴും തുണിയുരിഞ്ഞു സ്വന്തം നഗ്നത പ്രദര്‍ശിപ്പിക്കുന്ന ആണ് ശരീരങ്ങള്‍ പോലും സ്ത്രീയ്ക്ക് പുഴുവിനെ കാണുന്നത്ര ബുദ്ധിമുട്ടു ഉണ്ടാക്കുന്നതാണ്. ഈ അവസരങ്ങളിലൊക്കെയും പ്രതികരണ ശേഷി നഷ്ടപ്പെട്ട് നിശ്ശബ്ദയാക്കപ്പെടുന്നവളാണ് സ്ത്രീ. കായികമായ ഒരു ആക്രമണം ഉണ്ടായാല്‍ പോലും അതിനെ നേരിടാന്‍ സ്ത്രീകള്‍ക്കാകുന്നില്ല, പലപ്പോഴും മരണ ഭയത്തെത്തുടര്‍ന്ന് വഴങ്ങിക്കൊടുക്കേണ്ടി വരുന്ന അവസ്ഥയുമുണ്ട് അവള്‍ക്ക്. ഇത്തരം അവസ്ഥകളിലൊക്കെയും സ്ത്രീകള്‍ക്ക് മാനസികമായും കായികമായും പിന്തുണ ആവശ്യമാണ്. അവിടെയാണ് വീണ്ടും മീനാക്ഷിയമ്മയും അവരുടെ കളരിയും കടന്നു വരുന്നത്.
വയസ്സിലും അസാധ്യമായ മെയ്വഴക്കത്തോടെ മീനാക്ഷിയമ്മ അങ്കത്തട്ടില്‍ വാള് ചുഴറ്റുന്നു… രാജ്യം സമ്മാനിക്കുന്ന ആദരവിലേയ്ക്ക് മലയാളിയുടെ അഭിമാനം ചെന്ന് ചേരുന്നു. പെണ്ണത്തത്തിന്റെ അഭിമാനവും ആഹ്ലാദവുമായി മീനാക്ഷിയമ്മയെന്ന കടത്തനാടന്‍ സ്ത്രീയുടെ രൂപം കാലം കഴിഞ്ഞാലും നിലനില്ക്കും, ഉറപ്പ്.