
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ കുടുങ്ങിക്കിടക്കുന്ന സുനിത വില്യംസിന്റെയും ബാരി വിലമറിന്റെയും ഓരോ നീക്കങ്ങളും നമ്മൾ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. 2024 ജൂണിന് ബഹിരാകാശത്തു എത്തിയ സുനിത വില്യംസിനെ മാർച്ചിൽ തിരിച്ച ഭൂമിയിലേക്ക് എത്തിക്കും എന്നാണ് നാസ അറിയിച്ചിരിക്കുന്നത്. എന്മനാൾ മാർച്ചിലും അത് സാധിക്കില്ല എന്ന അഭ്യൂഹങ്ങളും ഉയർന്നു കേൾക്കുന്നുണ്ട്. ഇന്ന് ഫെബ്രുവരി 1. ആദ്യ ഇന്ത്യന്‍ വനിതാ ബഹിരാകാശ സഞ്ചാരി കല്പന ചൗള ഓര്‍മ്മയായിട്ട് ഇന്നേയ്ക്ക് 22 വര്‍ഷം. ബഹിരാകാശപേടകമായ ‘കൊളംബിയ’ കത്തിയമര്‍ന്നാണ് കല്പന തന്റെ നാല്പതാം വയസില്‍ മരണപ്പെട്ടത്. ഹരിയാന കര്‍ണാലിലെ യാഥാസ്ഥിതിക കുടുംബത്തില്‍പ്പിറന്ന കല്പന ചൗള, പഞ്ചാബ് എഞ്ചിനീയറിങ് കോളെജില്‍ നിന്നും ഏറോനോട്ടിക്കല്‍ എഞ്ചിനീയറിങ്ങില്‍ ബിരുദം നേടിയശേഷമാണ് ഉന്നതപഠനത്തിനായി അമേരിക്കയിലേക്ക് പറന്നത്. എറോസ്പേസ് എഞ്ചിനീയറിങ്ങില്‍ മാസ്റ്റര്‍ ബിരുദവും പി എച്ച് ഡിയും നേടിയശേഷം 1988-ല്‍ നാസയില്‍ ചേര്‍ന്നു. സുനിത വില്യംസിനെക്കാൾ വെറും മൂന്നു വയസ്സ് മാത്രമേ കല്പനക്ക് കൂടുതൽ ഉണ്ടായിരുന്നുള്ളു. കല്പനാ ചൗള നാസയുടെ സ്പേസ് ഷട്ടിലില്‍ കൊളംബിയയില്‍ 1997ല്‍ ആദ്യ ബഹിരാകാശ യാത്ര നടത്തി ഒരു വര്‍ഷത്തിനുശേഷമാണ് സുനിത വില്യംസ് നാസയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. നാസയില്‍ കല്പനയായിരുന്നു സുനിതയുടെ ഗുരുവും അടുത്ത സുഹൃത്തും. രണ്ടാം വട്ടം 2003 ഫെബ്രുവരി ഒന്നിന് ബഹിരാകാശത്തേക്ക് കൊളംബിയ സ്പേസ് ഷട്ടിലില്‍ നിന്ന് യാത്ര ചെയ്ത് മടങ്ങവേയാണ് കല്പനയുടെ അന്ത്യം. ടെക്സസിലെ ആകാശത്ത് കല്‍പ്പനയടക്കം ഏഴ് ബഹിരാകാശ സഞ്ചാരികള്‍ കത്തിയമര്‍ന്നപ്പോള്‍, സുനിത വില്യംസിന് അന്ന് കരച്ചിലടക്കാനായില്ല. ഇപ്പോഴിതാ കല്‍പ്പന ചൗളയുടെ ഓര്‍മ്മദിനത്തിന് തലേന്ന് ലോകത്ത് ഏറ്റവും കൂടുതല്‍ സമയം ബഹിരാകാശത്ത് നടന്ന വനിതയെന്ന റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ് സുനിത വില്യംസ്. ഇതിനു പിറകിൽ കല്പന സുനിതക്ക് 22 വർഷങ്ങൾക് മുൻപ് നൽകിയ ധൈര്യവും ആത്മവിശ്വാസവും ഉണ്ടായിരിക്കും എന്നതിൽ സംശയം വേണ്ട. നാല്പതാം വയസ്സില്‍ കല്പനയെന്ന നക്ഷത്രം ആകാശത്ത് കത്തിയമര്‍ന്നുവെങ്കിലും സുനിത വില്യംസിനെപ്പോലെ നിരവധി സ്ത്രീകളെ ആത്മവിശ്വാസത്തിന്റെ ആകാശങ്ങളിലേക്ക് കൈപിടിച്ചുയര്‍ത്തിയതില്‍ കല്പന ചൗളയുടെ സ്വാധീനം ചെറുതല്ല.