മഴമേഘങ്ങള്‍ കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ ഏകദേശം 1 കിലോമീറ്റര്‍ ഉയര്‍ന്നിരിക്കുന്നു എന്ന കണ്ടെത്തലുമായി ഗവേഷകര്‍
കൊച്ചി: മഴമേഘങ്ങള്‍ കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ ഏകദേശം 1 കിലോമീറ്റര്‍ ഉയര്‍ന്നിരിക്കുന്നു എന്ന കണ്ടെത്തലുമായി ഗവേഷകര്‍. കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ അഡ്വാന്‍സ്ഡ് സെന്റര്‍ ഫോര്‍ അറ്റ്മോസ്ഫെറിക് റഡാര്‍ റിസര്‍ച്ചിലെ ഡോ. അജില്‍ കോട്ടയിലിന്റെ നേതൃത്വത്തില്‍ കുസാറ്റിലെ ഡോക്ടറല്‍ ഫെലോ റോഷ്നി ആന്റണി, പ്രൊഫ. ഡോ. സതീശന്, EUMETSAT-ല്‍ നിന്നുള്ള ഡോ. വിജു ഒ ജോണ്‍, യുകെ മെറ്റ് ഓഫീസില്‍ നിന്നുള്ള ഡോ. പ്രിന്‍സ് സേവിയര്‍ എന്നിവര്‍ ചേര്‍ന്നാണ് ഗവേഷണം നടത്തിയത്.
സാറ്റലൈറ്റ് നിരീക്ഷണങ്ങള്‍ ഉപയോഗിച്ച് 2000 മുതല്‍ 2020 വരെ ആഴത്തിലുള്ള സംവഹന മേഘങ്ങളിലെ മാറ്റങ്ങള്‍ വിലയിരുത്തിയപ്പോള്‍, വേനല്‍ക്കാല മണ്‍സൂണ്‍ സമയത്ത് അവയുടെ മുകള്ഭാഗം ഏകദേശം 1 കിലോമീറ്റര്‍ ഉയര്‍ന്നതായി ഗവേഷകര്‍ കണ്ടെത്തി. മേഘങ്ങളുടെ ഈ ഉയരവ്യത്യാസം, കൂടുതല്‍ ശക്തമായ സംവഹന പ്രവര്‍ത്തനം കാണിക്കുകയും, അതിന്റെ ഫലമായി ഇന്ത്യന്‍ മണ്‍സൂണ്‍ സീസണില്‍ തീവ്രമായ മഴയുടെ സാധ്യത വര്‍ധിപ്പിക്കുകയും ചെയ്തതായി കണ്ടെത്തി. മണ്‍സൂണ്‍ കാലത്ത് വടക്കുകിഴക്കന്‍ ഇന്ത്യയില്‍ തീവ്രമായ മഴയിലെ വര്‍ദ്ധനവിനും ഇത് വഴിവെക്കും. ഇന്ത്യയിലാകമാനം ഉള്ള മണ്‍സൂണ്‍ മഴയില്‍ കാര്യമായ മാറ്റം ഇതുമൂലം ഉണ്ടാകുമെന്നും ഗവേഷകര്‍ പ്രവചിക്കുന്നു.
