തിരുവനന്തപുരം: പുതുവർഷത്തിന്റെ തുടക്കത്തിൽ സംസ്ഥാനത്ത് വിവിധ പ്രദേശങ്ങളിൽ മഴ തുടരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. തെക്കൻ തമിഴ്നാട് തീരത്തിന് മുകളിൽ രൂപപ്പെട്ട ചക്രവാതച്ചുഴിയും ന്യൂനമർദ്ദ പാത്തിയും മൂലമാണ് കാലാവസ്ഥയിൽ ഈ മാറ്റമെന്ന് അറിയിപ്പിൽ പറയുന്നു.
ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട് ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ട്. ഈ ജില്ലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ നേരിയതോ മിതമായതോ ആയ മഴ ലഭിക്കാനാണ് സാധ്യത.
ചില പ്രദേശങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയും അനുഭവപ്പെടാമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ മലയോര മേഖലകളിൽ താമസിക്കുന്നവർ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് നിർദേശമുണ്ട്. നിലവിൽ കേരള തീരത്ത് മത്സ്യബന്ധനത്തിന് തടസ്സങ്ങളില്ല.
അതേസമയം, തെക്കൻ തമിഴ്നാട് തീരം, ഗൾഫ് ഓഫ് മാന്നാർ, കന്യാകുമാരി മേഖലകൾ എന്നിവിടങ്ങളിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ അവിടങ്ങളിലേക്ക് മത്സ്യബന്ധനത്തിന് പോകുന്നവർ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. വരും ദിവസങ്ങളിൽ മഴയുടെ തീവ്രത കുറയാനാണ് സാധ്യതയെന്നും അധികൃതർ അറിയിച്ചു.
