പത്തനംതിട്ട: പത്തനംതിട്ട ജില്ലയിൽ തുടരുന്ന ശക്തമായ മഴയുടെ പശ്ചാത്തലത്തിൽ അച്ചൻകോവിൽ ആറ്റിൽ ജലനിരപ്പ് ഉയർന്നതോടെ ആച്ചൻകോവിലും മണിമലയിലുമടക്കം നിരവധി പ്രദേശങ്ങളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കോന്നി അച്ചൻകോവിൽ ആവണിപ്പാറ ഉന്നതിയിൽ താമസിക്കുന്ന ഏകദേശം 35 കുടുംബങ്ങൾ ഒറ്റപ്പെട്ട നിലയിലാണ്. ഇവർക്ക് പുറംലോകവുമായി ബന്ധം പുലർത്താൻ ആറ്റിലൂടെ തോണിയാത്ര മാത്രമാണ് വിപരീത കാലാവസ്ഥയിലും ഇനി മാർഗം.Flooding in Achankovil River; 35 families stranded in Avanippara
എല്ലാ മഴക്കാലത്തും ഈ പ്രദേശത്തുള്ളവർ അനുഭവിക്കുന്ന പ്രധാന പ്രശ്നമാണിത്. മണിക്കൂറുകളോളം തോണിയിൽ യാത്ര ചെയ്താണ് ഇവർ അവശ്യവസ്തുക്കൾക്കും ചികിത്സയ്ക്കുമെല്ലാം മറുകരയിലേക്ക് എത്തുന്നത്.
കേന്ദ്ര കാലാവസ്ഥാ വകുപ്പ് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കേരള തീരത്ത് 60 കിലോമീറ്റർ വേഗത വരെയുള്ള കാറ്റിന് സാധ്യതയുള്ളതിനാൽ മത്സ്യബന്ധന നിരോധനവും തുടരും. പ്രത്യേകിച്ച് കാസർകോട്, കണ്ണൂർ തീരങ്ങളിൽ ഉയർന്ന തിരമാലകളായിരിക്കും പ്രതീക്ഷിക്കപ്പെടുന്നത്.
പടിഞ്ഞാറൻ പസഫിക് സമുദ്രത്തിൽ രൂപപ്പെട്ട ‘വിഫ്’ എന്ന ചുഴലിക്കാറ്റ് ചക്രവാതച്ചുഴിയായി ദുർബലമായതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇത് വടക്കൻ ബംഗാൾ ഉൾക്കടലിലേക്കു പ്രവേശിച്ച ശേഷം ന്യൂനമർദമായി ശക്തി പ്രാപിച്ചേക്കുമെന്നാണ് പ്രതീക്ഷ. ഇതിന്റെ ഫലമായി അടുത്ത അഞ്ച് ദിവസത്തേക്ക് കേരളത്തിൽ ശക്തമായ മഴക്കും കാറ്റിനും സാധ്യത തുടരുന്നതായും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
മത്സ്യത്തൊഴിലാളികൾ ജൂലൈ 27 വരെ കടലിൽ പോകരുതെന്നും, തീരദേശവാസികൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.
