പി എ അലക്സാണ്ടര്‍
ധനതത്വ ശാസ്ത്രജ്ഞനും താത്വികചാര്യനുമായ തോമസ് ഐസക്കിന്റെ വാക്കും പഴഞ്ചാക്കും ഒരുപോലെ എന്ന് പറയാന്‍ അമ്മുക്കുട്ടിക്ക് നാണം ആണ്. പറയരുത് എന്ന് ആഗ്രഹിച്ചിരുന്നതും ആണ്. പക്ഷേ അത് പറയാതെ വയ്യ.
തോമസ് ഐസക് ധനമന്ത്രി ആയിരിക്കുമ്പോള്‍ ആണ് വര്‍ഷങ്ങള്‍ക്കു മുന്‍പ് തോമസ് ഐസക്കിന് കിഫ്ബി എന്ന കുഞ്ഞു പിറന്നത്. 1999 ലാണ് കുടുംബത്തോടൊപ്പം താമസിക്കാന്‍ ധനമന്ത്രിയായിരുന്ന തോമസ് ഐസക്ക് അമേരിക്കയിലേക്ക് പോയത്. അപ്പോഴാണ് കിഫ്ബിയുടെ ജനനം. തോമസ് ഐസക്കിന്റെ ഭാര്യയും മറ്റും സ്ഥിരമായി അമേരിക്കയിലാണല്ലോ താമസം. അമ്മ മാത്രമല്ലെ കേരളത്തിലുള്ളൂ… അപ്പോള്‍ ഇടയ്ക്കിടയ്ക്ക് അമേരിക്കയില്‍ എങ്ങനെ പോകും? കുടുംബമായി ഒത്തുചേരാനാണ് കഥാനായകന് അമേരിക്കയിലേക്ക് പോകുന്നത്. അക്കൂട്ടത്തിലാണ് കിഫ്ബി പിറന്നത്.
കിഫ്ബിയുടെ ശൈശവകാലത്ത് ബാലാരിഷ്ടതയും കൗമാരക്കാലത്ത് പോഷകാഹാര കുറവും കിഫ്ബി പുത്രനെ വല്ലാതെ ബാധിച്ചിരുന്നു. രണ്ടാം പിണറായി സര്‍ക്കാരിന്റെ തുടര്‍ ഭരണകാലത്ത് ഐസക്കിനെ ധനമന്ത്രി സ്ഥാനത്തു നിന്നും മാറ്റി വെറും എംഎല്‍എ ആക്കി കളഞ്ഞു. സാക്ഷാല്‍ പിണറായി വിജയന് കറിവേപ്പില പോലെ ഐസക്കിനെ പുറത്താക്കി.
കിഫ്ബിക്ക് 17 വയസ്സായപ്പോള്‍ പിതാവിന്റെ സംരക്ഷണം കിഫ്ബി എന്ന ഓമന പുത്രന് ആവശ്യമായി വന്നു. അപ്പോഴേക്കും കിട്ടിയ പണം എല്ലാം പിണറായി സര്‍ക്കാര്‍ വഴി മാറ്റി പലവഴിക്ക് ചെലവാക്കി കഴിഞ്ഞിരുന്നു. കിഫ്ബി കുഞ്ഞിന് നിരവധി ശീലങ്ങള്‍ കുട്ടിക്കാലത്ത് ഉണ്ടായിരുന്നു. ജനങ്ങളില്‍ നിന്ന് വിവിധ ടാക്സുകള്‍ ഒക്കെ പിരിച്ച് എടുക്കുന്ന പണം ശരിയായ വഴിക്ക് തിരിച്ചു വിടാതെ കിഫ്ബി വഴിക്ക് തന്നെ പ്രത്യേക അക്കൗണ്ടും കടബാധ്യതയും ഒക്കെ വരുത്തി ഭാവിയില്‍ കുഞ്ഞു വല്ലാതെ കഷ്ടപ്പെടുന്ന അവസ്ഥയിലായി. പ്രതിപക്ഷം നിയമസഭയില്‍ കിഫ്ബി എന്ന കുഞ്ഞിനെതിരെ വലിയ ആരോപണങ്ങളും ഉയര്‍ത്തി. അപ്പോള്‍ സാക്ഷാല്‍ മുഖ്യമന്ത്രി പിണറായിയും ധനമന്ത്രി തോമസ് ഐസക്കും പ്രതിപക്ഷ ആരോപണങ്ങളെ പുച്ഛിച്ചുതള്ളി. ധനമന്ത്രി സ്ഥാനത്ത് അല്ലെങ്കിലും എംഎല്‍എ സ്ഥാനത്തിരുന്നു കൊണ്ടാണ് അദ്ദേഹത്തിന്റെ പുച്ഛിക്കല്‍.
വഴിമാറി ചെലവിട്ടതിനാല്‍ നഷ്ട ബജറ്റ് അവതരിപ്പിക്കാനെ ഇപ്പോഴത്തെ ധനമന്ത്രി ബാലഗോപാലിന് ആയുള്ളൂ. കഷ്ടകാലം പിടിച്ച ബജറ്റ് ആണ് ഇപ്പോഴത്തെ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അവതരിപ്പിച്ചിരിക്കുന്നത്. ആര്‍ക്കും ഒന്നും കൊടുക്കാന്‍ സര്‍ക്കാരിന്റെ കയ്യില്‍ പണമില്ല. പിന്നെങ്ങനെ ബജറ്റ് കമ്മി ആകാതിരിക്കും? 50 കോടി രൂപയ്ക്ക് മുകളില്‍ ചെലവിട്ട കിഫ്ബി റോഡിനെല്ലാം യൂസര്‍ ഫീ എന്ന പേരില്‍ ചുങ്കം ചുമത്തും എന്ന ധനമന്ത്രി പറയാതെ പറഞ്ഞു. കെ എന്‍ ബാലഗോപാല്‍ പഴയ ധനമന്ത്രി തോമസ് ഐസക്കിനെയാണ് കാരണഭൂതനായി ഇതിനൊക്കെ കാണിച്ചത്. കഷ്ടം!
റോഡ് യൂസര്‍ ഫീ യും കിഫ്ബിയുടെ ഏഴയലത്ത് അടുപ്പിക്കില്ലെന്ന് പണ്ട് നിയമസഭയില്‍ പറഞ്ഞതിന്റെ ഗതികേടാണ് ഇപ്പോള്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്ക് വന്നിരിക്കുന്നത്. അതുകൊണ്ട് തോമസ് ഐസക്ക് ഇപ്പോള്‍ അനുഭവിക്കുന്ന കഷ്ടത്തെ ഒന്ന് തണുപ്പിക്കാന്‍ നോക്കി. അനുഭവി രാജാ അനുഭവി! എന്നല്ലാതെ എന്ത് പറയാന്‍. ചുങ്കക്കാരെയും പാപികളെയും ജനം ഒരിക്കലും ഇഷ്ടപ്പെട്ടിരുന്നില്ല. സാക്ഷാല്‍ യേശുക്രിസ്തു തന്നെ ചുങ്കക്കാരെയും പാപികളെയും തള്ളിപ്പറഞ്ഞിട്ടുണ്ട്. ഈ സത്യം ശരിക്കും തോമസ് ഐസക്കിന് അറിയാം. ആള് ക്രിസ്ത്യാനി അല്ലേ…
പിണറായി മുഖ്യന്റെ ധനമന്ത്രി ബാലഗോപാലന് ദോഷങ്ങളെല്ലാം ഒരുമിച്ച് ചേര്‍ന്നിരിക്കുന്ന കാരണ ഭൂതന് തോമസ് ഐസക്ക് പണ്ട് പറഞ്ഞതെല്ലാം വിഴുങ്ങണം എന്ന് അഭ്യര്‍ത്ഥിച്ചു. ധനമന്ത്രി മാത്രമല്ല സാക്ഷാല്‍ പിണറായി വിജയനും അദ്ദേഹത്തോട് ആവശ്യപ്പെട്ടു. കിഫ്ബി റോഡില്‍ എല്ലാം പണം പിരിക്കാം എന്ന് തിരുത്തി പറയണം. ഇതാണ് മുഖ്യമന്ത്രിയുടെയും ധനമന്ത്രിയുടെയും ആവശ്യം. തോമസ് ഐസക്കിന്റെ പഴയ വാക്ക് വിശ്വസിച്ചാണ് ദേശീയപാതയില്‍ ടോള്‍ പിരിവിനെതിരെ പണ്ട് സഖാക്കള്‍ കൊടിപിടിച്ച് തെറി പാടിയത്. ഓഹ്, വല്ലാത്ത ചതിയായിപ്പോയി! ഇപ്പോഴത് മാറ്റിപ്പറയണം എന്നാണ് എല്ലാവരും ആവശ്യപ്പെടുന്നത്. എന്തു ചെയ്യാന്‍… പറയേണ്ടതല്ലേ, പാര്‍ട്ടിക്കാരനായി പോയില്ലേ… ഇപ്പോള്‍ പിണറായി മുഖ്യന് അതില്‍ അനുഭവിക്കുക തന്നെയാണ്. അദ്ദേഹം ഐസക്കിനെ കൊണ്ട് പറയിക്കുകയല്ലാതെ തല്ക്കാലം മറ്റൊന്നും ചെയ്യാനാകില്ല. തോമസ് ഐസക്കിനെ സിംഹാസനത്തിനു മുന്നില്‍ വിളിച്ചുവരുത്തിയാണ് സാക്ഷാല്‍ മുഖ്യമന്ത്രി പത്രസമ്മേളനം നടത്താന്‍ ആവശ്യപ്പെട്ടത്. ധനമന്ത്രി ഒരു ദാസനെ പോലെ മുഖ്യമന്ത്രിയുടെ അടുത്ത് വായും പൊത്തി നില്‍പ്പുണ്ടായിരുന്നു.
അല്പം വിവരമുള്ള പഴയ മന്ത്രിയായ തോമസ് ഐസക്കിനെയും കെ കെ ശൈലജയെയും യഥാക്രമം പത്തനംതിട്ടയിലും വടകരയിലും നിര്‍ത്തി അങ്ങ് കാലുവാരി തോല്‍പ്പിച്ച ആളാണല്ലോ നമ്മുടെ സാക്ഷാല്‍ പിണറായി വിജയന്. ഇവരെ ഒന്നും ഇനി പിണറായി മന്ത്രിയാക്കില്ല ഒരിക്കലും. കാരണം പിന്നീടവരൊക്കെ അങ്ങ് ആളാകില്ലേ. അതുകൊണ്ടാണ് മന്ത്രി സ്ഥാനത്തു നിന്നും മാറ്റിയതും.
കടിച്ച പാമ്പിനെ കൊണ്ട് തന്നെ വിഷം ഇറക്കിക്കാന്‍ പാര്‍ട്ടിക്ക് തോന്നിയ കാര്യം സെക്രട്ടറി എം വി ഗോവിന്ദന് പറഞ്ഞപ്പോഴാണ് തോമസ് ഐസക്കിനെ കൊണ്ട് പത്രസമ്മേളനം നടത്തിക്കാന്‍ മുഖ്യമന്ത്രി തയ്യാറായത്. പിണറായി പത്രസമ്മേളനം നടത്തിച്ചതാണെന്നാണ് പൊതുവേ ഇപ്പോഴത്തെ ജനസംസാരം. തോമസ് ഐസക്ക് നിവര്‍ത്തിയില്ലാതെ അതിനു വഴങ്ങുകയായിരുന്നു. അടിമുടി കമ്മ്യൂണിസ്റ്റും ടോള്‍ ഫ്രീയ്ക്ക് ആയി വാദിക്കുകയും ചെയ്യുന്ന ജി സുധാകരന് ഇനി ഒരു പത്രസമ്മേളനം അടുത്തുതന്നെ വിളിക്കുമോ, മുഖ്യമന്ത്രി വിളിപ്പിക്കുമോ? അപ്പുക്കുട്ടന് അതേപ്പറ്റി സന്ദേഹം ഉണ്ട്.
കഷ്ടപ്പെട്ട് മക്കളെ വളര്‍ത്തുന്ന മാതാപിതാക്കളെ വയസ്സ് കാലത്ത് മക്കള്‍ സംരക്ഷിക്കണമെന്ന് ഹൈക്കോടതി അടുത്തൊരു വിധി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ തോമസ് ഐസക്കിന് ഗതികേട് തിരിച്ചായി. കിഫ്ബി എന്ന ഓമന പുത്രനെ പരിചരിക്കേണ്ട ഗതികേട് സാക്ഷാല്‍ തോമസ് ഐസക്കിന് വന്നു എന്ന് അമ്മുക്കുട്ടി മൂക്കത്ത് വിരല്‍ വച്ച് പറയുന്നു.
ടോള്‍ പിരിക്കാന്‍ ഇല്ല എന്ന് 2016ലെ എല്‍ഡിഎഫിന്റെ പ്രകടനപത്രികയില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ‘എല്‍ഡിഎഫ് വരും എല്ലാം ശരിയാകും ‘ എന്ന് പ്രകടനപത്രികയില്‍ പറയുന്നു. മദ്യപാനത്തിന് എല്‍ഡിഎഫ് എതിരാണ് എന്നും 2016 പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ടോള്‍ ഫ്രീ ആണെന്ന് അന്ന് തട്ടിമൂളിച്ചതാണ്. പക്ഷേ ആ വാക്കുകള്‍ ഒന്നും എല്‍ഡിഎഫിനും തോമസ് ഐസക്കിനും ഇപ്പോള്‍ മാറ്റേണ്ടി വന്നിരിക്കുന്നു. ഇതിന്റെ പേരല്ലേ ഗതികേട്? എന്നാണ് അമ്മുക്കുട്ടി ചോദിക്കുന്നത്. സില്‍വര്‍ ലൈന്‍ മഞ്ഞകുറ്റി പോലെ ടോള്‍ ബൂത്തും ജനം പിഴുതെറിയും എന്നാണ് പ്രതിപക്ഷ നേതാവ് സതീശന്റെ ഭീഷണി. ആ വെള്ളം വാങ്ങി വെച്ചേര് സതീശാ… പിണറായിയുടെ കൂടെ പോലീസും പട്ടാളവും ഒക്കെയുണ്ട്. തല്ലി ചതച്ചും വെടിവെച്ചും നിന്റെയൊക്കെ സമരങ്ങളെ തച്ചുടക്കും. ഇനിയൊരു വിമോചന സമരം ഒന്നും കേരളത്തില്‍ നടക്കില്ല കേട്ടോ സതീശാ… ഓരോ സഖാവും ആവതോളം മുഷ്ടി ചുരുട്ടി ആകാശത്തേക്ക് എറിഞ്ഞ് ബാലഗോപാലനും പിണറായി വിജയനും പ്ലാന്‍ ബിയും സിയും ഒക്കെ പറയാന്‍ സഖാക്കളുണ്ട് കൂട്ട്… സതീഷിന്റെ വേല ഒന്നും ഇങ്ങോട്ട് ഇറക്കണ്ട… മുഖ്യമന്ത്രി അങ്ങനെയാണ് പറയുന്നത്.
കിഫ്ബി റോഡുകളിലെല്ലാം കുഴിയാണ്. അതാണ് ഇപ്പോഴത്തെ വില്ലന്‍. റോഡുകളില്‍ ഗതാഗത ഗര്‍ത്തങ്ങള്‍. വട്ടിപ്പലിശയ്ക്ക് കടമെടുത്താണ് കിഫ്ബിയെ വളര്‍ത്തിയത്. ഇതും ജനത്തിന്റെ വയറ്റത്തടിക്കല്‍ ആയില്ലേ? എന്നാണ് അമ്മുക്കുട്ടി ചോദിക്കുന്നത്. നിരവധി കേസുകളില്‍ റോഡിന്റെ ശോചനീയാവസ്ഥ പരിഗണിക്കാനായി ഹൈക്കോടതിയും ആവശ്യപ്പെട്ടിട്ടുണ്ട്. നിര്‍മ്മിക്കുന്ന റോഡുകള്‍ ഒരു കൊല്ലത്തിനിടെ തകരുന്നതും കേരളത്തില്‍ തുടര്‍ക്കഥയാണ്. മലേഷ്യന്‍ കമ്പനി നിര്‍മ്മിച്ച ഒറ്റപ്പാലം റോഡില്‍ ഇപ്പോഴും കുഴികള്‍ നിറഞ്ഞിരിക്കുന്നു. അമ്പമ്പോ ഇതെന്തൊരു ഭരണം… മഴയില്‍ റോഡുകളൊക്കെ വഴിയാധാരം, ഹാ കഷ്ടം! എന്നല്ലാതെ എന്ത് പറയാന്‍.
