
വിവിധ വര്‍ണങ്ങളിലുള്ള വൈദ്യുതി അലങ്കാരങ്ങളാല്‍ അണിഞ്ഞൊരുങ്ങുന്ന സുന്ദരമായൊരിടം.അംബര ചുംബികളായ നിരവധി കെട്ടിടങ്ങള്‍.അതിനെല്ലാം ഇടയില്‍ തലയുയര്‍ത്തി നില്ക്കുന്ന ബുര്‍ജ് ഖലീഫ. ഇത് കൂടാതെ നിരവധി ഷോപ്പിങ് മാളുകളും മീഡിയ സിറ്റികളും ടൂറിസ്റ്റ് കേന്ദ്രങ്ങളും അങ്ങനെ സമ്പുഷ്ടമാണ് ദുബായ്.
ദുബായ് നഗരത്തിന്റെ സൗന്ദര്യം പൂര്‍ണമായും ആസ്വദിക്കാനാകുക അലങ്കാര വിളക്കുകളെല്ലാം തെളിയുന്ന രാത്രി കാലങ്ങളാണ്. അതെല്ലാം തന്നെയാണ് ദുബായ്യെ സഞ്ചാരികളുടെ ഇഷ്ടയിടമാക്കുന്നതും. എന്നാല്‍ രാത്രി മാത്രമല്ല പകലിലും കണ്ണഞ്ചിപ്പിക്കുന്ന വിസ്മയ കാഴ്ചകളൊരുക്കുന്ന ഒരിടമുണ്ട് ദുബായ്യില്.അത്ഭുതങ്ങള്‍ നിരവധിയൊരുക്കി സഞ്ചാരികളെ മാടിവിളിക്കുന്ന ദുബായ്യിലെ മിറാക്കിള്‍ ഗാര്ഡന്. പേര് പോലെ തന്നെ ഇത് ശരിക്കും ഒരു മിറാക്കിള്‍ തന്നെയാണ്. കണ്ണുകളെ അതിശയിപ്പിക്കും വിധമുള്ള കാഴ്ചകളാണ് ഇവിടെയുള്ളത്.വൈവിധ്യമാര്‍ന്ന പുഷ്പങ്ങളാണ് ഇവിടെ സന്ദര്‍ശകര്‍ക്ക് വിരുന്നൊരുക്കുന്നത്. എങ്ങോട്ട് തിരിഞ്ഞാലും പൂക്കളും പൂമ്പാറ്റകളും. സ്വപ്ന നഗരമായ ദുബായ്യെ കൂടുതല്‍ മൊഞ്ചത്തിയാക്കുന്നതില് മുഖ്യപങ്ക് വഹിക്കുന്ന ഒരിടം കൂടിയാണ് മിറാക്കിള്‍ ഗാര്ഡന് എന്ന മായിക ലോകം.ലോകത്തിലെ തന്നെ ഏറ്റവും വലിയ പൂന്തോട്ടമാണിത്. എങ്ങോട്ട് തിരിഞ്ഞാലും നിറഭേദങ്ങളുടെ വൈവിധ്യം നിറയ്ക്കുന്ന പൂക്കളുടെ പൂരക്കാഴ്ച. മാരിഗോള്‍ഡ്, പെറ്റ്യൂനിയാസ് എന്നിങ്ങനെ തുടങ്ങി 60ലധികം പൂക്കളാണ് ഇവിടെ കാഴ്ച വസന്തമൊരുക്കുന്നത്. 72,000 സ്ക്വയര്‍ ഫിറ്റിലാണ് വിരിഞ്ഞിറങ്ങുന്ന ഈ കൗതുക ലോകമുള്ളത്.ഒന്നും രണ്ടുമല്ല 150 മില്യണ്‍ പൂക്കള്‍ കൊണ്ടാണ് ഈ മിറാക്കിള്‍ ഒരുക്കിയിട്ടുള്ളത്. ദുബായ് ലാന്റില്‍ അറേബ്യന്‍ റാഞ്ചസിലാണ് ഇതുള്ളത്. വിരിഞ്ഞിറങ്ങുന്ന പൂക്കള്‍ വിവിധ ഡിസൈനിലും പാറ്റേണിലുമാണുള്ളത്. ഗാര്‍ഡനിലെ മുഖ്യ ആകര്ഷമാകുന്നത് വിവിധ രീതിയില്‍ ഒരുക്കിയിട്ടുള്ള പൂക്കളാണ്. അവയെ കുറിച്ച് വിശദമായി അറിയാം.
ഫ്ലോറല്‍ എമിറേറ്റ്സ് A380: പൂക്കളാല്‍ തീര്‍ത്ത ഒരു വിമാനം. പൂന്തോട്ടത്തിലെത്തുന്ന ഏതൊരാളുടെയും കണ്ണൊന്ന് ഇതിലുടക്കാതിരിക്കില്ല. അത്രയും മനോഹരമാണിത്. പത്ത് ലക്ഷത്തിലധികം പൂക്കള്‍ കൊണ്ടാണ് ഇത്തരമൊരു വിമാനം ഇവിടെ ഒരുക്കിയിട്ടുള്ളത്. പൂക്കളാല്‍ സമ്പുഷ്ടമായ ഒരു വിമാനം ടേക്ക് ഓഫിന് റെഡിയായി നില്‍ക്കുന്നത് പോലെ. അത്രയേറെ ഒറിജിനാലിറ്റിയുണ്ടിത്. അതുകൊണ്ട് തന്നെ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിലും ഇത് അടയാളപ്പെടുത്തപ്പെട്ടിട്ടുണ്ട്.

മിക്കി മൗസ് ടോപിയറി: മിറാക്കിള്‍ ഗാര്‍ഡനിലെ മറ്റൊരു പ്രധാന ആകര്‍ഷണമാണിത്. മിക്കി മൗസ് ടോപിയര് നിര്‍മിച്ചിരിക്കുന്നത് 18 മീറ്റര്‍ ഉയരത്തിലാണ്. പല വിധത്തിലും വര്‍ണത്തിലുമുള്ള പൂക്കളാണ് ഇവിടെ വിസ്മയം തീര്‍ക്കുന്നത്. മിക്കി മൗസ് കുട്ടികളെ മാത്രമല്ല മുതിര്‍ന്നവരെയും സൗന്ദര്യം കാട്ടി സ്വാധീനിക്കുന്നുണ്ട് ഇവിടെ. ഇത്രയും അത്ഭുതമായത് കൊണ്ട് തന്നെ ലോകത്തിലെ ഏറ്റവും വലിയ ടോപിയറി സ്കള്‍ച്ചര്‍ എന്ന റെക്കോര്‍ഡും ഇതിന് സ്വന്തമായിട്ടുണ്ട്.
ഹാര്‍ട്ട് ടണലും ഫ്ലോറല്‍ ക്ലോക്കും: നിറയെ പൂക്കള്‍ ഹൃദയാകൃതിയില്‍ അലങ്കരിച്ചിട്ടുള്ളതാണ് ഹാര്‍ട്ട് ടണല്‍. അതുപോലെ തന്നെ നിരവധി പൂക്കളാലും ചെടികളാലും നിര്‍മിച്ചിട്ടുള്ളതാണ് ഫ്ലോറല്‍ ക്ലോക്ക്. ഇതില്‍ സമയം കാണിക്കുന്നത് അടക്കം വലിയ കൗതുകമാണ് കാഴ്ചക്കാര്‍ക്ക് സമ്മാനിക്കുന്നത്.

ബട്ടര്‍ഫ്ലൈ ഗാര്ഡന്: മിറാക്കിള്‍ ഗാര്ഡന് ഏറ്റവും മനോഹാരിത നല്കുന്ന ഒന്നാണ് ബട്ടര്‍ഫ്ലൈ ഗാര്ഡന്. ബട്ടര്‍ഫ്ലൈയുടെ ആകൃതിയില്‍ വിവിധ വര്‍ണങ്ങളിലും വലിപ്പത്തിലുമെല്ലാമുള്ള പൂമ്പാറ്റകളെ ഇവിടെ കാണാം. വിരിഞ്ഞ് നില്ക്കുന്ന പൂക്കള്‍ക്കും ചുറ്റും കൂട്ടത്തോടെ അവയങ്ങനെ പാറി നടക്കും.അതിനിടെ വിവിധ പൂക്കളില്‍ നിന്നും മതിവരുവോളം തേനും നുകരും. സന്ദര്‍ശകര്‍ക്ക് വേണമെങ്കില്‍ ശലഭങ്ങളെ തൊടാം. ചെടികളില്‍ ചെന്നിരിക്കുമ്പോള്‍ അവയ്ക്കൊപ്പം നിന്ന് സെല്‍ഫി പകര്‍ത്താം. വളരെ മനോഹരം എന്നെല്ലാം പറഞ്ഞാല്‍ ഒരു പക്ഷെ അത് കുറഞ്ഞ് പോകും.
വാസ്തവത്തില്‍ ഇതിന്റെ ഭംഗിയെ കുറിച്ച് പറയാന്‍ വാക്കുകളിലെന്നതാണ് യാഥാര്‍ഥ്യം. മാസ്മരികമായ കാഴ്ചകളാണ് ഇവിടെ ഒരോന്നും കണ്ണിന് സമ്മാനിക്കുന്നത്.ഇത് മാത്രമല്ല പൂക്കള്‍ കൊണ്ടും വിവിധ ചെടികള്‍ കൊണ്ടും തീര്‍ത്ത കുതിര, ആന, ഒട്ടകം, വാഹനങ്ങള്‍ തുടങ്ങി ഒട്ടേറെയുണ്ട് ഇവിടെ കാണാനായിട്ട്. 6673 ചതുരശ്ര മീറ്ററിലാണ് ഇത് വ്യാപിച്ച് കിടക്കുന്നത്. 50 മുതല്‍ 60 വരെ ഇനം വ്യത്യസ്തമായ പൂക്കള്‍ കൊണ്ടാണ് ഇവിടെ അലങ്കരിച്ചിട്ടുള്ളത്.പൂക്കളും പൂമ്പാറ്റകളും മാത്രമല്ല വിവിധ തത്തകളും അലങ്കാര മത്സ്യങ്ങളും ഇവിടെയുണ്ട്. ജീവിതത്തില്‍ ഒരിക്കലെങ്കിലും ഇവിടം ഒന്ന് സന്ദര്ശിക്കേണം. എല്ലാ ദിവസവും രാവിലെ 9 മണി മുതല്‍ ഗാര്ഡന് സന്ദര്‍ശനത്തിനായി തുറക്കും. അവധി ദിവസങ്ങളില്‍ വളരെ അധികം സഞ്ചാരികളാണ് ഇവിടെയെത്താറുള്ളത്. ടിക്കറ്റുകള്‍ ഓണ്‍ലൈനായും ബുക്ക് ചെയ്യാം.