100 കിലോമീറ്റര്‍ ഉയരത്തില്‍ വച്ച് ഭൂമിയിലെ മനുഷ്യന്റെ മുഖ വിശദാംശങ്ങൾ പകർത്താൻ ശക്തിയുള്ള ചാര ഉപഗ്രഹമാണ് ചൈന വികസിപ്പിച്ചിരിക്കുന്നത്
ബെയ്ജിങ്: 60 മൈലിലധികം, അതായത് ഏകദേശം 100 കിലോമീറ്റർ അകലെ നിന്ന് മനുഷ്യന്റെ മുഖ വിശദാംശങ്ങൾ പകർത്താൻ ശക്തിയുള്ള ലേസർ ഇമേജിംഗ് സാങ്കേതികവിദ്യയുള്ള ഒരു ഉപഗ്രഹം നിർമ്മിച്ച് ചൈനയിലെ ശാസ്ത്രജ്ഞർ. സൗത്ത് ചൈന മോർണിംഗ് പോസ്റ്റിനെ ഉദ്ദരിച്ച് ലൈവ് സയൻസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. മുൻനിര സ്പൈ ക്യാമറകളുമായും പരമ്പരാഗത ദൂരദർശിനികളുമായും താരതമ്യപ്പെടുത്തുമ്പോൾ 100 മടങ്ങ് അല്ലെങ്കിൽ അതിൽ കൂടുതൽ പ്രകടന വർദ്ധനവാണിത് എന്നാണ് താരതമ്യങ്ങള്‍ പറയുന്നത്.ഭൂമിയിലുള്ള കാര്യങ്ങള്‍ മുമ്പ് സാധിക്കാത്ത വിധത്തിൽ വിശദമായി നിരീക്ഷിക്കാൻ ചൈനയുടെ ഈ പുതിയ സാങ്കേതികവിദ്യയ്ക്ക് കഴിയും. രാജ്യത്തിന്റെ വടക്കുപടിഞ്ഞാറൻ ഭാഗത്തുള്ള ക്വിങ്ഹായ് തടാകത്തിന് കുറുകെ ശാസ്ത്രജ്ഞർ പുതിയ സംവിധാനം ഉപയോഗിച്ച് ഒരു പരീക്ഷണം നടത്തി എന്ന് സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. ദ്വിമാന അല്ലെങ്കിൽ ത്രിമാന ചിത്രങ്ങൾ നിർമ്മിക്കാൻ കഴിവുള്ള ഒരു തരം ലേസർ റഡാറായ സിന്തറ്റിക് അപ്പർച്ചർ ലിഡാർ (SAL) അടിസ്ഥാനമാക്കിയുള്ളതായിരുന്നു ഈ പരീക്ഷണം.
മറ്റ് ബീം-സ്കാനിംഗ് റഡാർ ഇമേജറി സിസ്റ്റങ്ങളെ അപേക്ഷിച്ച് മികച്ച റെസല്യൂഷൻ ചിത്രങ്ങൾ നൽകുന്നതിന് സിന്തറ്റിക് അപ്പർച്ചർ ലിഡാർ ഒരു വസ്തുവിന്റെ (ഉപഗ്രഹം പോലുള്ളവ) ചലനത്തെ ആശ്രയിക്കുന്നു. മുൻ SAR സിസ്റ്റങ്ങൾ കൂടുതൽ തരംഗദൈർഘ്യമുള്ള മൈക്രോവേവ് വികിരണത്തെയാണ് ആശ്രയിച്ചിരുന്നത്. ഇതുകാരണം കുറഞ്ഞ റെസല്യൂഷൻ ചിത്രങ്ങളായിരുന്നു ലഭിച്ചിരുന്നത്. എന്നാൽ ഈ പുതിയ സംവിധാനം ഒപ്റ്റിക്കൽ തരംഗദൈർഘ്യങ്ങളിൽ പ്രവർത്തിക്കുന്നു. അവയ്ക്ക് മൈക്രോവേവുകളേക്കാൾ വളരെ കുറഞ്ഞ തരംഗദൈർഘ്യമാണുള്ളത്. അവ വ്യക്തമായ ചിത്രങ്ങൾ സൃഷ്ടിക്കുന്നു.
അതേസമയം, സ്ഥിരമായ കാറ്റും പരിമിതമായ മേഘക്കൂട്ടങ്ങളും ഉള്ള തെളിഞ്ഞ കാലാവസ്ഥയിലും അന്തരീക്ഷ സാഹചര്യങ്ങളിലുമാണ് ഈ പരീക്ഷണം നടത്തിയത് എന്നതും ശ്രദ്ധിക്കേണ്ടതാണ്. അതായത് പ്രതികൂല കാലാവസ്ഥയോ ദൃശ്യപരതയിലെ മറ്റ് തകരാറുകളോ ഈ സിസ്റ്റത്തിന്റെ കൃത്യതയെ ബാധിച്ചേക്കാം എന്നും റിപ്പോർട്ടുകൾ പറയുന്നു. ഈ ഉപഗ്രഹ സാങ്കേതികവിദ്യ ദുരുപയോഗം ചെയ്യപ്പെടുമോ എന്ന ആശങ്ക നിലനില്‍ക്കുന്നത് മറ്റൊരു കാര്യം.
