റൂർക്കല നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ (എൻഐടിആർ) ഗവേഷകർ സോളാർ പാനലുകളിൽ നിന്ന് പരമാവധി വൈദ്യുതി വേർതിരിച്ചെടുക്കുന്നതിനുള്ള നൂതനവും ചെലവ് കുറഞ്ഞതുമായ സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്ത് പേറ്റന്റ് കരസ്ഥമാക്കി. ഗവേഷകർ കണ്ടെത്തിയ വോൾട്ടേജ് സെൻസർ അധിഷ്ഠിത മാക്സിമം പവർ പോയിന്റ് ട്രാക്കിംഗ് സിസ്റ്റത്തിനാണ് പേറ്റന്റ് ലഭിച്ചത്.
ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് വിഭാഗത്തിലെ പ്രൊഫസറായ സുസോവോൺ സാമന്ത, പിഎച്ച്ഡി വിദ്യാർത്ഥി സതാബ്ദി ഭട്ടാചാര്യ, ഡ്യുവൽ ഡിഗ്രി വിദ്യാർത്ഥി മധുസ്മിത ബാരിക്ക് എന്നിവർ ചേർന്നാണ് ഗവേഷണം നടത്തിയത്.
വോൾട്ടേജ് സെൻസർ അല്ലെങ്കിൽ റെസിസ്റ്റർ ഡിവൈഡർ സർക്യൂട്ട് മാത്രം ഉപയോഗിക്കുന്ന സിസ്റ്റത്തിന്റെ ലളിതമായ രൂപകൽപ്പന സങ്കീർണ്ണതയും ചെലവും ഗണ്യമായി കുറയ്ക്കുന്നു”- ഗവേഷണത്തിന് നേതൃത്വം നൽകിയ അസോസിയേറ്റ് പ്രൊഫസർ സുസോവോൺ സാമന്ത പറഞ്ഞു.
ക്ലീൻ എനർജി റിസർച്ച് ഇനിഷ്യേറ്റീവിന് കീഴിൽ ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന ഈ പദ്ധതി, സൗരോർജ ഉത്പാദനത്തിലെ പ്രധാന വെല്ലുവിളികളെ നേരിടാൻ പര്യാപ്തമാണെന്ന് ഗവേഷകർ പറഞ്ഞു. സൂര്യപ്രകാശത്തിലും താപനിലയിലുമുള്ള മാറ്റങ്ങളോട് ഈ നവീകരണം വേഗത്തിൽ പ്രതികരിക്കുന്നതിനാൽ സിസ്റ്റത്തിന് പരമാവധി കാര്യക്ഷമതയിൽ സ്ഥിരമായി പ്രവർത്തിക്കാനും വൈദ്യുതിയിലെ ഏറ്റക്കുറച്ചിലുകൾ ഒഴിവാക്കാനും കഴിയുമെന്ന് ഗവേഷകർ പറയുന്നു.
ഐഇഇഇ ട്രാൻസാക്ഷൻസ് ഓൺ സസ്റ്റൈനബിൾ എനർജി, ഐഇഇഇ ട്രാൻസാക്ഷൻസ് ഓൺ ഇൻഡസ്ട്രിയൽ ഇലക്ട്രോണിക്സ് എന്നിവ ഉൾപ്പെടെയുള്ള ജേണലുകളിൽ ഈ ഗവേഷണ ഫലങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
