നമ്മുടെ ദൈനംദിന ജീവിതത്തിന്റെ അനിവാര്യഘടകമായി മാറിക്കൊണ്ടിരിക്കുകയാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI). ബിസിനസ് മേഖലയിൽ നിന്നും വിനോദരംഗത്തേക്കുമൊക്കെ എഐയുടെ പിന്തുണയാണ് ഇന്ന് മുഖ്യമായും ആശ്രയിക്കുന്നത്. ഇതിനിടയിൽ, യൂറോപ്പ് ഈ രംഗത്ത് മറ്റൊരുപടി മുന്നോട്ട് പോകുകയാണ്.AI dogs to deliver food
ഡച്ച് മൾട്ടിനാഷണൽ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ ജസ്റ്റ് ഈറ്റ് ടേക്ക്അവേ.കോം, സ്വിസ് റോബോട്ടിക്സ് കമ്പനിയായ RIVR-മായുള്ള സഹകരണത്തിലൂടെ AI-സാങ്കേതിക വിദ്യയോടൊപ്പം പ്രവർത്തിക്കുന്ന നാല് കാലുള്ള റോബോട്ടിക് ഡെലിവറി നായകളെ അവതരിപ്പിച്ചിരിക്കുകയാണ്. ഇപ്പോൾ ഇവ സെക്കിസ് വേൾഡ് എന്ന പ്രാദേശിക റസ്റ്റോറന്റിൽ നിന്നുള്ള ഫാസ്റ്റ് ഫുഡ് വിതരണം നടത്തുകയാണ്.
യൂറോന്യൂസ് റിപ്പോർട്ട് അനുസരിച്ച്, ഈ റോബോട്ടുകൾ “ഫിസിക്കൽ എഐ” ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്. അതിനാൽ പടികൾ കയറുക, മാലിന്യക്കൂമ്പാരങ്ങളിലൂടെ കടന്നുപോകുക, വാഹനങ്ങൾ, കാൽനട യാത്രക്കാർ, സൈക്കിൾ യാത്രക്കാർ എന്നിവക്കിടയിൽ സുരക്ഷിതമായി സഞ്ചരിക്കുക തുടങ്ങിയ കാര്യങ്ങൾ ഇവയ്ക്ക് അനായാസം ചെയ്യാം. മണിക്കൂറിൽ 15 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ കഴിയുന്ന ഇവ, ചൂട്, മഴ, മഞ്ഞ്, കാറ്റ് തുടങ്ങിയ കാലാവസ്ഥാ വെല്ലുവിളികളെയും ചെറുത്ത് മുന്നേറും. ദൂരനിയന്ത്രണ സൗകര്യവും ഇവയ്ക്കുണ്ട്, അതുകൊണ്ട് തിരക്കേറിയ നഗരാന്തരീക്ഷത്തിലും സുരക്ഷിതവും കാര്യക്ഷമവുമായ സേവനം ഉറപ്പാക്കാനാകും.
കമ്പനി അടുത്ത ഘട്ടത്തിൽ പലചരക്ക് സാധനങ്ങൾ, പാഴ്സലുകൾ, പാക്കേജുകൾ, പുതുവിഭവങ്ങൾ തുടങ്ങിയവയുടെ ഡെലിവറിക്കായി ഇവയുടെ ഉപയോഗം വ്യാപിപ്പിക്കാനാണ് പദ്ധതിയിടുന്നത്. കൂടാതെ, ഈ വർഷാവസാനത്തോടെ യൂറോപ്പിലെ വിവിധ നഗരങ്ങളിലൂടെയുള്ള റീട്ടെയിൽ, കൺവീനിയൻസ് സ്റ്റോറുകളിലും ഇത്തരം എഐ-പവർഡ് റോബോട്ടിക് നായകളെ വിന്യസിക്കാനാണു കമ്പനി ഉദ്ദേശിക്കുന്നത്.
