
2025 ജൂലൈ 21 മുതൽ യൂട്യൂബ് ട്രെൻഡിംഗ് പേജ് അവസാനിപ്പിക്കുന്നു. 2015ൽ ആരംഭിച്ച ഈ ഫീച്ചർ നിരവധി കണ്ടൻറ് ക്രിയേറ്റർമാർക്ക് അവരുടെ പോസ്റ്റുകളുടെ ജനപ്രിയത മനസിലാക്കാനും പുതിയ ട്രെൻഡുകൾ കണ്ടെത്താനും ഉപകരിച്ചിരുന്നു. എന്നാൽ ഇപ്പോൾ അതിന് പകരം “കാറ്റഗറി ചാർട്ടുകൾ” എന്ന പുതിയ സംവിധാനം യൂട്യൂബ് അവതരിപ്പിക്കാനൊരുങ്ങുകയാണ്.YouTube Trending Page to Close on July 21
പുതിയ ചാർട്ടുകൾ വിവിധ വിഭാഗങ്ങളിലെ (categories) ഏറ്റവും ജനപ്രിയമായ വീഡിയോകൾ ഹൈലൈറ്റ് ചെയ്യും. ആളുകൾ ഇപ്പോൾ ഷോർട്ട്സ്, സെർച്ച് നിർദ്ദേശങ്ങൾ, കമൻ്റുകൾ, കമ്മ്യൂണിറ്റി പോസ്റ്റുകൾ തുടങ്ങിയ മാർഗങ്ങളിലൂടെ ട്രെൻഡിംഗ് ഉള്ളടക്കം കണ്ടെത്തുന്നതിനാൽ, ട്രെൻഡിംഗ് പേജിന്റെ പ്രസക്തി കുറയുകയായിരുന്നുവെന്ന് യൂട്യൂബ് വ്യക്തമാക്കി.
കമ്പനിയുടെ ബ്ളോഗ് പോസ്റ്റിനനുസരിച്ച്, കഴിഞ്ഞ അഞ്ച് വർഷങ്ങളിലായി ട്രെൻഡിംഗ് പേജിലേക്കുള്ള സന്ദർശനങ്ങളിൽ വലിയ കുറവുണ്ടായിട്ടുണ്ട്. ഇനി മുതൽ ട്രെൻഡിംഗ് വീഡിയോകൾ കണ്ടെത്താൻ “യൂട്യൂബ് ചാർട്ടുകൾ” ഉപയോക്താക്കൾക്ക് സഹായകരമാകുമെന്ന് യൂട്യൂബ് അറിയിച്ചു.
നിലവിൽ ഈ ചാർട്ടുകൾ യൂട്യൂബ് മ്യൂസിക് പ്ലാറ്റ്ഫോമിലാണുള്ളത്. ഭാവിയിൽ മറ്റ് വിഭാഗങ്ങളും ഇതിൽ ഉൾപ്പെടുത്തുമെന്ന് പ്രതീക്ഷിക്കാം. ഗെയിമിങ്ങ് വിഭാഗത്തിൽ ഉള്ളടക്കം തിരയുന്നവർക്ക് “ഗെയിമിംഗ് എക്സ്പ്ലോർ” പേജ് വഴി ട്രെൻഡിംഗ് വീഡിയോകൾ ഇപ്പോഴും ആക്സസ് ചെയ്യാൻ കഴിയും.