
ഇസ്ലാമാബാദ്: പാകിസ്ഥാനെ വൻ തിരിച്ചടിയിലാഴ്ത്തികൊണ്ട് ടെക് ഭീമനായ മൈക്രോസോഫ്റ്റ് രാജ്യത്തെ ഓഫീസ് പ്രവർത്തനങ്ങൾ അവസാനിപ്പിച്ചു. കഴിഞ്ഞ 25 വർഷമായി പാകിസ്ഥാനിൽ നിലനിന്നിരുന്ന കമ്പനിയുടെ ഓഫീസ് ഇനി പ്രവർത്തിക്കില്ലെന്ന് മൈക്രോസോഫ്റ്റ് സ്ഥിരീകരിച്ചു. രാജ്യത്തെ പ്രവർത്തന മോഡൽ പുനസംഘടിപ്പിക്കുകയാണ് നടത്തുന്നത്. റീസെല്ലർമാർക്കും സമീപ രാജ്യങ്ങളിലുളള മൈക്രോസോഫ്റ്റ് ഓഫീസുകൾ വഴിയുമായി സേവനങ്ങൾ തുടരുമെന്നും ഉപഭോക്താക്കൾക്ക് യാതൊരു തടസവുമുണ്ടാകില്ലെന്നും കമ്പനി അറിയിച്ചു.Microsoft closes office in Pakistan
ഇന്ത്യ പോലെയുള്ള വിപുലമായ വിപണി പാകിസ്ഥാനിലില്ലായ്മയാണ് പിന്മാറ്റത്തിന് പ്രധാന കാരണം എന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. നിലവിൽ പാകിസ്ഥാനിലെ ഓഫീസിൽ അഞ്ചുപേർ മാത്രമേ ജോലി ചെയ്തിരുന്നുള്ളൂവെന്ന് റിപ്പോർട്ടുകളിൽ പറയുന്നു. ഇന്ത്യയിലേതുപോലെ എഞ്ചിനിയറിംഗ് ടീമുകളോ ആസ്യൂർ, ഓഫീസ് പ്രോഡക്ട് വിഭാഗങ്ങളോ പാകിസ്ഥാനിൽ നിലവിലില്ല.
പാകിസ്ഥാനിലേതുപോലെ മറ്റ് രാജ്യങ്ങളിലും പ്രവർത്തന രീതി പുതുക്കാൻ മൈക്രോസോഫ്റ്റ് പദ്ധതിയിടുന്നതായും കമ്പനി അറിയിച്ചു. “ഉപഭോക്താക്കളെ എപ്പോഴും മുൻനിർത്തിയാണ് ഞങ്ങളുടെ നീക്കങ്ങൾ. മികച്ച നിലവാരത്തിലുള്ള സേവനം ഉപഭോക്താക്കൾക്ക് ലഭ്യമാകും,” എന്ന് മൈക്രോസോഫ്റ്റ് വക്താവ് പറഞ്ഞു.
ഇതേ സമയം, ലോകമാകെ നടക്കുന്ന പുനസംഘടനയുടെ ഭാഗമായാണ് ഈ തീരുമാനങ്ങളെന്ന് മൈക്രോസോഫ്റ്റ് വ്യക്തമാക്കി. അടുത്തിടെ നാല് ശതമാനം ജീവനക്കാരെ — ഏകദേശം 9,000 പേരെ — കമ്പനി പിരിച്ചുവിട്ടു. 2024 ജൂൺ നിലവാരപ്രകാരം, ആഗോളമായി 2,28,000 ജീവനക്കാരാണ് മൈക്രോസോഫ്റ്റിനുള്ളത്. ഇതിൽ കഴിഞ്ഞ മെയ് മാസത്തിൽ മാത്രം 6,000 പേർ പിരിച്ചുവിട്ടതായി കമ്പനി നേരത്തെ അറിയിച്ചിരുന്നു. സെയിൽസ് വിഭാഗമാണ് കൂടുതൽ ബാധിച്ചത്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസിലേക്കുള്ള വലിയ നിക്ഷേപങ്ങൾ നടക്കുന്നതിനിടയിലാണ് ഈ പിരിച്ചുവിടലുകളും പുനസംഘടനകളും നടക്കുന്നത്.