
വത്തിക്കാൻ സിറ്റി: നിർമിതബുദ്ധി (എഐ) ചെറുപ്പക്കാരുടെ ബൗദ്ധിക ശേഷിയുടെ വികസനത്തെ ബാധിച്ചേക്കാമെന്നു മുന്നറിയിപ്പുമായി മാർപാപ്പ ലിയോ പതിനാലാമൻ. എഐയുടെ അതിരറ്റ പുരോഗതി യാഥാർഥ്യം തിരിച്ചറിയാനും ആലോചിക്കാനും മനുഷ്യന്റെ അസാധാരണമായ കഴിവുകൾക്ക് ഭീഷണിയാകാമെന്ന് അദ്ദേഹം വ്യക്തമാക്കി.Pope warns against AI: Threat to intellectual capacity
എഐയെക്കുറിച്ചുള്ള രണ്ടാം റോം സമ്മേളനത്തിലേക്കുള്ള സന്ദേശത്തിലാണ് മാർപാപ്പ ഈ അഭിപ്രായങ്ങൾ പങ്കുവെച്ചത്.
ഗണിതശാസ്ത്രത്തിൽ ബിരുദം നേടിയ മാർപാപ്പ, മേയ് 8ന് സ്ഥാനമേറ്റതിനു ശേഷം എഐയുടെ ദുരുപയോഗത്തെക്കുറിച്ച് പലവട്ടം ആശങ്ക അറിയിച്ചിരുന്നു. എങ്കിലും, ഈ മേഖലയെ കേന്ദ്രീകരിച്ചുള്ള വിശദമായ പരാമർശം ആദ്യമായാണ്.
“വിപുലമായ വിവരമേഖലയെ ബൗദ്ധിക ശേഷിയെന്ന് തെറ്റിദ്ധരിക്കരുത്,” മാർപാപ്പ പറഞ്ഞു. എഐ മുൻതൂക്കം നൽകുന്നത് ധാരാളം വിവരങ്ങളാണെങ്കിലും, ആ വിവരങ്ങൾ കൊണ്ട് മാത്രം മനസിന്റെ വളർച്ച ഉറപ്പാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ആരോഗ്യം, ശാസ്ത്രീയ കണ്ടുപിടിത്തങ്ങൾ തുടങ്ങിയ ശ്രേണികളിൽ എഐയുടെ ഉപയോഗം സ്വാഗതാർഹമാണെന്നും മാർപാപ്പ തന്റെ സന്ദേശത്തിൽ വ്യക്തമാക്കി.