
ദുബൈ: ഇന്ന് യുഎഇയുടെ ആകാശത്ത് അപൂർവ്വമായ “സ്ട്രോബറി മൂൺ” ദൃശ്യമാകും. ഈ മനോഹര പ്രതിഭാസം കാണാൻ പ്രവാസികൾ ഉൾപ്പെടെ യുഎഇയിലെ നിവാസികൾ ആകാംക്ഷയോടെ കാത്തിരിയ്ക്കുകയാണ്.
ചന്ദ്രൻ ഇന്ന് വൈകിട്ട് 7.32-ന് ഉദിക്കും, നാളെ പുലർച്ചെ 5.55-ന് അസ്തമിക്കും. ഉദയസമയമായ 7.32 മുതൽ തന്നെ സ്ട്രോബറി മൂൺ ആകാശത്ത് കാണാൻ കഴിയും. ബീച്ചുകൾ, മരുഭൂമി, കൂടിയ ഉയരമുള്ള പ്രദേശങ്ങൾ എന്നിവിടങ്ങളിൽ നിന്നാണ് ഇതിന് ഏറ്റവും മനോഹരമായ കാഴ്ച നൽകുന്നത്. എന്നാൽ, കിഴക്കൻ ചക്രവാളത്തിലേക്ക് നോക്കിയാൽ യുഎഇയിലെ എവിടെയും ഈ ദൃശ്യവിസ്മയം നിരീക്ഷിക്കാൻ സാധിക്കും.
ഇന്ന് കാണാനിടയാകുന്ന പൂർത്തിയായ പൂർണചന്ദ്രൻ വസന്തകാലത്തിലെ അവസാനത്തെ പൂർണചന്ദ്രനാണ്. പതിവിൽ നിന്ന് വ്യത്യസ്തമായി ഇത് വലുതായി തോന്നുകയും സ്വർണ്ണതിളക്കമുള്ളത് പോലെയും കാണപ്പെടുന്നു.“സ്ട്രോബറി മൂൺ” എന്ന പേര് കേട്ടാൽ ചന്ദ്രൻ പിങ്ക് അല്ലെങ്കിൽ ചുവപ്പ് നിറത്തിലുള്ളതായി തോന്നാം, പക്ഷേ അത് തെറ്റാണ് — മഞ്ഞയോ ഓറഞ്ച് നിറത്തിലായിരിക്കും ചന്ദ്രന്റെ കാഴ്ച.
18.6 വർഷത്തിലൊരിക്കൽ മാത്രമേ ഈ പ്രകൃതിദൃശ്യത്തിന് സാക്ഷ്യമാകാൻ കഴിയൂ. അതിനാൽ തന്നെ, ഇത് വീണ്ടും കാണാൻ 2043 വരെ കാത്തിരിക്കേണ്ടിവരും.